Mon. Dec 23rd, 2024
കാലിഫോർണിയ:

ഫെബ്രുവരി 20 നു ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് സംഘടിപ്പിക്കുന്ന ‘സാംസങ് ഗാലക്‌സി അണ്‍പാക്ക്ഡ്-2019’ എന്ന ചടങ്ങിനെ വൻ പ്രതീക്ഷയോടെയാണ് ടെക്ക് ലോകം കാത്തിരിക്കുന്നത്.

ആ ചടങ്ങിൽ സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 ലൈറ്റ്, എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ് പുറത്തിറക്കും. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ് അവതരിപ്പിക്കുന്നുണ്ട്. പക്ഷെ തുടക്കത്തിൽ ഇത് അമേരിക്കയിൽ മാത്രമാകും ലഭ്യമാകുക. ഗാലക്‌സി എസ് പരമ്പരയുടെ പത്താം വാര്‍ഷികമായതുകൊണ്ടുതന്നെ ഗാലക്‌സി എസ്9 സ്മാര്‍ട്‌ഫോണില്‍ നിന്നും ഏറെ വ്യത്യസ്തമായതും പുതുമ നിറഞ്ഞതുമായ രൂപകല്‍പ്പനയായിരിക്കും ഗാലക്‌സി എസ്10 ഫോണിനുണ്ടാവുക.

ഗാലക്‌സി എസ്10 നു ഒരു ഫ്രന്റ് ക്യാമറയാണുളളത്. ഗാലക്‌സി എസ് 10 5ജി മോഡലിന് നാല് പിൻ ക്യാമറയുമുണ്ട്. എന്നാൽ എസ്10 പ്ലസിന് മൂന്ന് ക്യാമറയുമാണുള്ളത്. ഗാലക്‌സി എസ് 10 ഫോണുകൾക്ക് അൾട്രാസോണിക്ക്-ഡിസ്‌പ്ളെ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. സ്ക്രീൻ വലിപ്പം മൂന്നു പതിപ്പിലും വ്യത്യസ്തമാണ്.

ഗാലക്സി സീരിസിലെ പുതിയ എസ് 10 ലൈറ്റ് എത്തുന്നത് 5.8 നീളമുള്ള പാനലോടുകൂടിയാണ്; സാധാരണ ഗ്യാലക്സി എസ് 10-ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയുമാണ്. ഗാലക്സി എസ് 10 പ്ലസ്, ഗ്യാലക്സി സീരിസിലെ പുതിയ എഡിഷൻ ആയിരിക്കും; 6.4 ഇഞ്ചായിരിക്കും ഗ്യാലക്സി 10 പ്ലസിന്റെ നീളം.

എസ് 10ല്‍ ഡിസ്‌പ്ലേക്കുള്ളില്‍ തന്നെയാവും സെല്‍ഫി കാമറ ഉണ്ടാവുക. ഇതായിരിക്കും ഫോണിലെ പ്രധാന പ്രത്യേകതകളിലൊന്ന്. അതിവേഗത്തില്‍ തുറക്കുന്ന അള്‍ട്രാസോണിക്ക്-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ. ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസ്സറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന എസ് 10 ലൈറ്റിന്റെ 6 ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുള്ള വേരിയന്റിന് 63,000 രൂപയായിരിക്കും വില. എസ് 10 ന്റെ 6 ജി.ബി 128 ജി.ബി വേരിയന്റിന് 75,300 രൂപയും 8 ജി.ബി 512 ജി.ബി വേരിയന്റിന് 95,500 രൂപയുമാണ് വില.എസ് 10 പ്ലസിന്റെ 6 ജി.ബി 128 ജി.ബി സ്‌റ്റോറേജ് വകഭേദത്തിന് 85,000 രൂപയും 8 ജി.ബി റാമും 512 ജി.ബി സ്‌റ്റോറേജുമുള്ള വകഭേദത്തിന് 105,000 രൂപയും 12 ജി.ബി റാമും 1 ടി.ബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 129,600 രൂപയുമായിരിക്കും വില.

സാംസങ് ഗാലക്‌സി എസ്.10 ലൈറ്റ്, ഗാലക്‌സി എസ് 10, എസ് 10 പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും ഫോണെത്തുക.
സാംസങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണും സാൻഫ്രാസിസ്കോയിലെ ചടങ്ങിൽ പുറത്തിറക്കുമെന്നാണ് സൂചന. നവംബറില്‍ നടന്ന വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണിന്റെ പ്രോട്ടോടൈപ്പ് സാംസങ് അവതരിപ്പിച്ചിരുന്നു.

സാംസങിന്റെ ആദ്യ സ്മാര്‍ട് സ്പീക്കറായ “ഗാലക്‌സി ഹോം” ആണ് ടെക്ക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഉൽപന്നം. ആമസോണ്‍ എക്കോ, ആപ്പിള്‍ ഹോംപോഡ്, ഗൂഗിള്‍ ഹോം സ്പീക്കര്‍ തുടങ്ങി ഇതിനോടകം വിപണിയില്‍ ജനപ്രിയമായിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇടയിലേക്കാണ് സാംസങ് ഹോംസ്പീക്കറിന്റെ രംഗപ്രവേശം.

Leave a Reply

Your email address will not be published. Required fields are marked *