Sun. Dec 22nd, 2024
തിരുപട്ടൂർ, തമിഴ്‌നാട്:

ഇന്ത്യയിൽ ആദ്യമായി ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് അനുവദിച്ചു. തമിഴ്‌നാട് തിരുപട്ടൂർ സ്വദേശിനി അഡ്വക്കേറ്റ് എം എ സ്നേഹയ്ക്കാണ് ദീർഘകാലത്തെ നിയമപോരാട്ടത്തിനു ശേഷം ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് ലഭിച്ചത്. ജാതിയ്ക്കോ മതത്തിനോ യാതൊരുവിധ പ്രാധാന്യവും കൊടുക്കാത്ത കുടുംബത്തിലാണ് സ്നേഹ വളർന്നത്. അതുകൊണ്ടു തന്നെ എല്ലാ അപേക്ഷകളിലും ജാതി മത കോളം സ്നേഹ പൂരിപ്പിക്കാറുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോൾ ഔദ്യോഗികമായി അനുമതിപത്രം ലഭിച്ചിരിക്കുന്നത്. സ്നേഹ 35 വയസ്സ്, അഡ്വക്കേറ്റ്, തിരുപട്ടുർ സ്വദേശിനി എന്നതാണ് സ്നേഹയുടെ ഔദ്യോഗികമായ ഇപ്പോഴത്തെ ഐഡന്റിറ്റി.

കഴിഞ്ഞ ഫെബ്രുവരി 5 നാണ് തിരുപട്ടുർ തഹൽസിദാറായ ടി എസ് സത്യമൂർത്തി, ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് സ്നേഹയ്ക്ക് കൈമാറുന്നത്. സാമൂഹികമാറ്റത്തിനുള്ള ഒരു പുതിയ ചുവടായാണ് സ്നേഹ ഇതിനെ കാണുന്നത്. രാജ്യത്ത് ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്നും തഹൽസീദാർ പറഞ്ഞു.

“എന്റെ ജനന സർട്ടിഫിക്കറ്റ് മുതൽ സ്കൂളിലെ സർട്ടിഫിക്കറ്റുകളിൽപ്പോലും ജാതിയോ മതമോ ചേർത്തിട്ടില്ലെന്നും, ഭാരതീയൻ എന്ന ഐഡന്റിറ്റി മാത്രമേ തനിക്കുള്ളുവെന്നും സ്നേഹ വ്യക്തമാക്കി. എന്തെന്നാൽ എല്ലാ അപേക്ഷകളിലും ജാതി സർട്ടിഫിക്കറ്റുകൾ വെക്കേണ്ടത് അത്യാവശ്യമായിത്തീർന്നപ്പോഴാണ് ഞാൻ ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നത്. മുൻപെല്ലാം തന്നെ സത്യവാങ്മൂലമാണ് നല്കിക്കൊണ്ടിരുന്നത്,” സ്നേഹ പറയുന്നു.

“ആളുകൾ ജാതിയിലും മതത്തിലും വിശ്വസിക്കുമ്പോൾ അവർക്കു സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. എന്തുകൊണ്ട് വിശ്വാസികൾ അല്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുന്നില്ല?” 2010 മുതൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്നേഹയ്ക്ക് ഉത്തരം കിട്ടിയത് ഇപ്പോഴാണ്.

2010 ലാണ് ആദ്യമായി ഞാൻ ഈ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു കീഴ്വഴക്കം ഇന്ത്യയിൽ ഇല്ലെന്ന പേരിൽ പലതവണ തള്ളിക്കളയുകയായിരുന്നു.

തിരുപട്ടുർ സബ് കളക്ടർ ബി. പ്രിയങ്ക പങ്കജമാണ് സ്നേഹയുടെ അപേക്ഷയ്ക്ക് പച്ചക്കൊടി കാണിച്ചത് . സ്നേഹയുടെ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുകയും ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് അനുവദിച്ചാൽ
അത് ആരുടേയും അവസരങ്ങളെ ഇല്ലാതാക്കില്ലെന്നും, ആർക്കും ഹാനികരമാവില്ലെന്നും സബ്‌കളക്ടർ വിധിച്ചു.
ഞങ്ങളുടെ മൂന്നു മക്കളുടെയും ജനന സർട്ടിഫിക്കറ്റിലും, സ്കൂൾ സർട്ടിഫിക്കറ്റിലും ജാതിയോ മതമോ ചേർത്തിട്ടില്ലെന്ന് സ്നേഹയുടെ ഭർത്താവ് തമിഴ്‌ പ്രൊഫസറായ കെ പ്രതിഭ രാജ പറഞ്ഞു. മൂന്നു പെണ്മക്കളുടെ പേരുകളും രസകരമാണ്. രണ്ടു മതങ്ങളുടെ പേരുകൾ ഒന്നിച്ചു ചേർത്തിട്ടാണ് പേരിട്ടത്. ആതിരൈ നസ്രീൻ, ആദില ഐറിൻ, ആരിഫ ജെസ്സി എന്നിങ്ങനെയാണ് അവരുടെ പേരുകൾ.

ജാതിവെറിയുടെ പേരിൽ ദുരഭിമാനക്കൊലകൾ വരെ നടക്കുന്ന ഈ നാട്ടിൽ വലിയൊരു വിഭാഗം ആളുകളെ സ്വാധീനിക്കാൻ ഈ സർട്ടിഫിക്കറ്റിനു സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *