കൊച്ചി:
ബസ് ചാര്‍ജില്‍ ഇളവ് നല്‍കുന്നുണ്ടെന്ന പേരില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യബസ്സുകളുടെ നടപടി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അഖിലകേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റും നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വിദ്യാര്‍ത്ഥികളോട് വിവേചനമുണ്ടോയെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍വഴി അന്വേഷിച്ച് അറിയിക്കാന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് ഒരാഴ്ച കൂടി സര്‍ക്കാര്‍ സമയം തേടി.
ബസ് ചാര്‍ജ്ജില്‍ ഇളവുണ്ടെന്നപേരില്‍ അവരെ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവു നല്‍കാന്‍ ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥികളോടു വിവേചനം കാട്ടുന്നത് വേറെ കാര്യമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെയും സംസ്ഥാന പോലീസ് മേധാവിയെയും കോടതി കക്ഷി ചേര്‍ത്തു.