Fri. Nov 22nd, 2024
#ദിനസരികള് 670

അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച് എനിക്ക് അഭിമാനമാണ്. എനിക്ക് ഇനിയുള്ള ഒരു മകനേയും ഈ നാടിനു വേണ്ടി അതിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ബലി കൊടുക്കുവാന്‍‌ സന്തോഷമേയുള്ളു.”

മരിച്ചു വീണ പട്ടാളക്കാരന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ – എല്ലാവരും ആവര്‍ത്തിക്കുന്നു, ആ ബലിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. നാടിനു വേണ്ടി, ഈ നാടിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും മരിച്ചു വീണ അവന്റെ ഗതിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. പാവങ്ങള്‍. ആരെയൊക്കെയോ എന്തൊക്കെയോ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍.

എന്തൊരു യാന്ത്രികതയാണ് അവരുടെ വാക്കുകളില്‍? ചാവി കൊടുത്തു വിട്ട പാവകളെപ്പോലെ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ അവര്‍ ഒരേ പല്ലവി ആവര്‍ത്തിക്കുന്നു. മകന്റെ, സഹോദരന്റെ, അച്ഛന്റെ, ഭര്‍ത്താവിന്റെ മരണത്തില്‍ വേദന തോന്നുന്നില്ലെന്ന്.

എന്നാലോ? എനിക്കു വേദനിക്കുന്നു. മനുഷ്യനെപ്പോലെ വേദനിക്കുന്നു. മരിച്ചു വീണവന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്തു, അവന്റെ വരവിനായി കാത്തിരിക്കുന്ന രണ്ടിളം കണ്ണുകളെക്കുറിച്ച്, അവന്റെയൊരാലിംഗനത്തിനുവേണ്ടി ഉഴറുന്ന ഉടലിനെക്കുറിച്ച്, വേച്ചു വീഴാന്‍ പോകുമ്പോള്‍ താങ്ങാകുന്ന കരബലങ്ങളെക്കുറിച്ച് – ഒക്കെയും എനിക്കു വേദനിക്കുന്നു.

രാജ്യസ്നേഹത്തിന്റെ പടുതകള്‍ക്കു കീഴിലേക്ക് ഈ വേദനകളെ കുഴിച്ചു മൂടാന്‍ എനിക്കു കഴിയുന്നില്ലല്ലോ‍. മലമുകളില്‍ കയറി നിന്നുകൊണ്ട് ആകാശത്തിലേക്ക് കരങ്ങളുയര്‍ത്തി ലോകമാസകലം കേള്‍ക്കത്തക്കവിധത്തില്‍ വിലപിച്ചു കൊള്ളട്ടെ!

എന്തുകൊണ്ടാണ് എനിക്ക് ഈ രാജ്യസ്നേഹം മനസ്സിലാകാത്തത്? ഈ നാടിനെ സംരക്ഷിക്കുവാനാണ് വീണു പോയ ജവാന്‍ ജീവന്‍ വെടിഞ്ഞതെന്ന് ചിന്തിക്കാന്‍ കഴിയാത്തത്? അവന്റെ ബന്ധുമിത്രാദികളുടെ വചനങ്ങളില്‍ ദേശസ്നേഹം കാണാന്‍ കഴിയാത്തത്? അവരുടെ വാക്കുകളില്‍ കൃത്രിമത്വവും അസ്വാഭാവികതയും മാത്രം കാണുന്നത്?

ഈ മരണങ്ങളൊന്നും തന്നെ രാജ്യത്തിന്റെ അതിരുകളെ കാത്തുകൊള്ളുവാനായിരുന്നില്ലല്ലോ. അക്രമികളില്‍ നിന്നും ദേശത്തേയും ജനതയേയും സംരക്ഷിക്കുവാനായിരുന്നില്ലല്ലോ.

മറിച്ച് സ്വന്തം സിംഹാസനങ്ങളെ ഉറപ്പിച്ചു നിറുത്തുവാനുള്ള രാജ്യതന്ത്രത്തിന്റെ കുടില പ്രവര്‍ത്തികളുടെ ഫലമായിരുന്നു ഈ കൊലപാതകങ്ങളെന്ന നടുക്കുന്ന സത്യം എന്റെ അസ്ഥികളെ വന്നു മാന്തുന്നു. അധികാരത്തിന്റെ തണുപ്പുകളെ തന്റെ തലക്കുമുകളില്‍ത്തന്നെ തടുത്തു നിറുത്തുവാനുള്ള യത്നത്തിന്റെ ഫലമായിട്ട്, രാജാവുതന്നെയാണ് സ്വന്തം കാവല്‍ക്കാരെ ബലികൊടുത്തതെന്ന തിരിച്ചറിവില്‍ നാം നടുങ്ങുന്നു. അതുകൊണ്ട് പുല്‍വാമയിലെ കൊലപാതകങ്ങളില്‍, രാജ്യത്തിന്റെ ഭരണാധികാരി ഒന്നാം പ്രതിയാണ്. അവിടെ ഒഴുക്കപ്പെട്ട ചോരകൊണ്ട് ചാലിച്ചെടുത്ത മണ്ണില്‍, തന്റെ സിംഹാസനമുറപ്പിച്ചു നിറുത്തുവാനുള്ള വ്യഗ്രതയ്ക്ക് ആരെങ്കിലും രാജ്യസ്നേഹമെന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നുവെങ്കില്‍ അക്കൂട്ടത്തിലേക്ക് ചേര്‍ന്നു നിന്ന് സിന്ദാബാദ് വിളിക്കാന്‍ ഞാനില്ല.

ഈ ചോരക്ക് പകരം ചോദിക്കണമെന്ന് ഒരു ജനതയെന്ന നിലയില്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തെ കൂട്ടങ്ങളെ പടിക്കുപുറത്തേക്ക് വലിച്ചെറിയാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. അതാണ് കാലം പ്രതീക്ഷിക്കുന്നതും.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *