വാഷിംഗ്‌ടൺ ഡി സി:
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിനു ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുകയാണ്.
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചിലവു പ്രതീക്ഷിക്കുന്നത്. മതിലിന്റെ നിര്‍മ്മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ഇപ്പോൾ ആവശ്യപ്പെട്ടത്. എന്നാല്‍, അമേരിക്കന്‍ സെനറ്റ് 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എങ്ങനെയും സമ്മര്‍ദ്ദം ചെലുത്തി നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം.
ട്രംപിന്റെ നടപടിയെ അധികാര ദുര്‍വിനിയോഗമെന്നാണ് ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിനു പുറമെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.