കോഴിക്കോട്:
ട്രഷറികളിൽ നിന്ന് കരാറുകാരുടെ ബില്ലുകൾ അടിയന്തിരമായി പാസാക്കി നല്കണമെന്നാവശ്യപ്പെട്ട് ഗവ.കോണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ ധർണ സംഘടിപ്പിക്കുന്നു. 20 ന് സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കു മുന്നിലുമാണ് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും പൂർത്തീകരിച്ച പ്രവർത്തികളുടെ ബില്ലുകൾ പാസ്സാക്കി നല്കുന്നതിന് ജനുവരി 25 മുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ 10 ഓടെ പരിഹരിക്കപ്പെടുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. മാർച്ച് അവസാനിക്കുമ്പോഴേക്കും പദ്ധതി പ്രവൃത്തികൾ പൂർത്തീകരിക്കണം.
പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കരാറുകാർ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രവൃത്തികൾ ഒന്നും തന്നെ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഭാരവാഹികൾ വാര്ത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. വാർത്താസമ്മേളനത്തിൽ ഗവ.കോണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. നാഗരത്‌നൻ, സംസ്ഥാന സെക്രട്ടറി പി. മോഹൻദാസ്, പി. സുരേന്ദ്രൻ, കെ.എം. സഹദേവൻ, ടി. മധു എന്നിവർ പങ്കെടുത്തു.