Wed. Nov 6th, 2024
കൊച്ചി:

ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ചെന്നെയിൻ എഫ് സി യെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു വിട്ടാണ് മഞ്ഞപ്പട വിജയം ആഘോഷിച്ചത്.
ചെന്നൈയിന്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ കിടിലന്‍ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു മഞ്ഞപ്പട.

23, 55 മിനിറ്റുകളില്‍ മത്തേജ് പൊപ്ലാറ്റ്നിക്കും 71-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.

23ാം മി​നി​റ്റി​ൽ ആയിരുന്നു പൊപ്ലാറ്റ്നിക്കിന്റെ ഹെ​ഡ​ർ ഗോ​ൾ പിറന്നത്. വ​ല​തു​വി​ങ്ങി​ലേ​ക്കെ​ത്തി​യ ക​റേ​ജ് പെ​ക്കു​സന്റെ ഷോ​ട്ടാ​യി​രു​ന്നു ഗോ​ളി​ന് വ​ഴി​വെ​ച്ച​ത്. വീ​ണു​കി​ട​ന്ന് ത​ട​ഞ്ഞ ഗോളി ക​ര​ൺ​ജി​ത് സിംഗിന്റെ കൈ​യി​ൽ നി​ന്ന് തട്ടിത്തെറിച്ച പ​ന്ത് ഒ​ഴി​ഞ്ഞ വ​ല​യി​ലേ​ക്ക് പോ​പ്ലാ​റ്റ്​​നി​ക്​ കൃത്യമായി ഹെഡു ചെയ്തു.

കളിയുടെ 55-ാം മിനിറ്റില്‍ സഹല്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്‌നിക്കിന് മറിച്ചുനല്‍കി. തകര്‍പ്പന്‍ ഷോട്ടിലൂടെ പൊപ്ലാറ്റ്‌നിക്ക് പന്ത് വലയിലെത്തിച്ചു രണ്ടാം ഗോളും നേടി.
71-ാം മിനിറ്റില്‍ സഹല്‍ നല്‍കിയ പാസ് ഡുംഗല്‍ ബോക്സിന് അരികില്‍ നിന്നും മറിച്ചു നല്‍കിയപ്പോള്‍ ചെന്നെയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു വീണ്ടും സഹലിന്റെ കാലിലെത്തുകയായിരുന്നു. ഷോട്ടെടുത്ത സഹലിനു പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഗോളും സഹലിനു ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോളും പിറന്നു.

ലീഗിലെ ആദ്യ മത്സരത്തിനു ശേഷം തുടർച്ചയായ 14 കളികളിൽ അതായതു നാലര മാസക്കാലം കാലയളവിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ സാധിച്ചിരുന്നില്ല. അതോടെ വമ്പൻ ആരാധക കൂട്ടം കൈമുതലായ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ട നിലയിലായിരുന്നു. അതുകൊണ്ട് ഈ വിജയം തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം പകരുക. മാത്രമല്ല ലീഗിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്ന മലയാളി സൂപ്പർ താരം സി കെ വിനീത് ചേക്കേറിയിരിക്കുന്ന ചെന്നൈയിൻ എഫ് സി യെ തോൽപ്പിക്കാൻ സാധിച്ചത് ടീമിന് ഇരട്ടി മധുരമായി.

വിജയത്തോടെ 16 മത്സരങ്ങളില്‍ 14 പോയിന്റായ കേരളം പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിന്‍സ് അവസാന സ്ഥാനത്ത് തുടരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗോവയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *