Mon. Dec 23rd, 2024
#ദിനസരികള് 669

പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

ഇന്നലെ 350 കിലോഗ്രാം സ്ഫോടക വസ്ത നിറച്ച സ്കോര്‍പിയോ കാര്‍ സി ആര്‍ പി എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. രാജ്യത്തെ സൈനികര്‍‌ക്കെതിരെ ഇത്തരത്തില്‍ നടന്ന ഏറ്റവും വലിയ ആക്രമണത്തില്‍ കടുത്ത തോതിലുള്ള സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൌരവബുദ്ധിയോടെയെടുക്കാതെ ഏജന്‍സികളുടെ പതിവുള്ള ജാഗ്രതാ നിര്‍‌ദ്ദേശങ്ങള്‍ മാത്രമായിട്ടാണ് അധികാരികള്‍ കണ്ടത്.ഇത് ഗുരുതരമായ വീഴ്ച തന്നെയാണ്.

ഒരു പൌരന്‍ സൈന്യത്തില്‍ ചേരുന്നതില്‍ രാജ്യ സ്നേഹം നല്കുന്ന പ്രചോദനത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ അതുമാത്രമാണോ കാര്യം? സ്വന്തം കുടുംബത്തിന്റെ ജീവിതനിലവാരം ഒരു പ്രധാനപ്പെട്ട ഘടകമാണ്. എല്ലാ വിശേഷണങ്ങളേയും മാറ്റി നിറുത്തി പറഞ്ഞാല്‍ പട്ടിണിയില്ലാതെ ജീവിക്കാന്‍ ഉള്ള ഒരു സാധ്യത കൂടിയാണിത്. അങ്ങനെ കുടുംബത്തിന്റെ പട്ടിണി മാറ്റാനും അന്തസ്സോടെ ജീവിക്കാനുമുള്ള അവസരം തേടി സൈനിക സേവനത്തിനെത്തിയ പാവപ്പെട്ട ജവാന്മാരുടെ ജീവിതങ്ങളെയാണ് തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാതെ അധികാരികള്‍ ദഹിപ്പിച്ചു കളഞ്ഞതെന്നത് ഖേദകരമായ കൃത്യവിലോപം തന്നെയാണ്. ഇത്തരത്തില്‍ വീഴ്ചവരുത്തി അക്രമികളെ സഹായിച്ചവര്‍‌ക്കെതിരെയും കര്‍ശനമായി നടപടിയെടുക്കുക തന്നെ വേണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും രാജ്യം സുരക്ഷ സംവിധാനത്തില്‍ ഒന്നാം സ്ഥാനത്താണെന്നുള്ള അവകാശവാദം ആവര്‍ത്തിക്കുന്ന സമയത്തു നടന്ന ഈ ആക്രമണം അവരുടെ അവകാശ വാദം എത്രമാത്രം പൊള്ളയാണെന്ന് തെളിയിക്കുന്നുണ്ട്. 2001 നു ശേഷം സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും വലുതാണിതെന്നത് രാജ്യം ശക്തമായ കൈകളിലാണ് എന്ന വാദത്തിന്റെയും മുനയൊടിച്ചു. രാജ്യത്തിന്റെ ശക്തനായ കാവല്‍ക്കാരന്റെ കൈകളില്‍ രാജ്യം എക്കാലത്തേയുംകാള്‍ സുരക്ഷിതമാണെന്നുള്ള അവകാശപ്പെടലുകള്‍ നിരര്‍ത്ഥകമാണെന്ന് രാജ്യം നേരിട്ടു കാണുന്നു.

രാജ്യത്തിന്റെ പരമാധികാരത്തേയും സൈനിക ശേഷിയേയും വെല്ലുവിളിച്ചു കൊണ്ടു നടത്തിയ ഈ അക്രമത്തിന് നമ്മുടെ രാജ്യം അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന കാര്യം നാം വിസ്മരിച്ചുകൂട. എന്നു വെച്ചാല്‍ സൈനികമായി പുറത്തു നിന്നും നാം നേരിട്ട ഭീകരവാദികളുടെ ആക്രമണത്തെ മുന്‍നിറുത്തി ആഭ്യന്തരമായി നാം മറ്റൊരു ആക്രമണത്തെക്കൂടി നേരിടേണ്ടി വരും എന്ന വസ്തുത നിലവിലുണ്ട്.

പാകിസ്താനിലേക്ക് കടന്നു കയറി നടത്തിയതെന്ന് പറയപ്പെടുന്ന സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന്റെ വീരവാദങ്ങള്‍ അമ്പത്താറിഞ്ചു നെഞ്ചളവുകാരനായ നരേന്ദ്ര മോദിയുടെ അവതാരപ്രക്രിയയായി വാഴ്ത്തപ്പെടുന്നത് ഇന്ത്യന്‍ ജനത ധാരാളമായി കണ്ടതും കേട്ടതുമാണല്ലോ. ഇലക്ഷന്‍ സമയത്ത് സംഘപരിവാരത്തിന്റെ വൈതാളികന്മാര്‍ക്ക് പാടിനടക്കാന്‍ ഒരു വീരഗാഥ കൂടി പുല്‍വാമ ആക്രമണം സമ്മാനിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.

എന്നു വെച്ചാല്‍ മോദിയും കൂട്ടരും ഇന്നലെ നടന്ന ആക്രമണത്തെ, തങ്ങളുടെ ഇലക്ഷന്‍ അജണ്ട നിശ്ചയിക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗിക്കുക തന്നെ ചെയ്യും. യുദ്ധം അല്ലെങ്കില്‍ തത്തുല്യമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം രാജ്യസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അലയൊലികളാല്‍ ത്രസിച്ചു നില്ക്കുക സ്വാഭാവികമാണല്ലോ. അത്തരത്തിലുള്ള ഒന്നാന്തരമൊരു സാധ്യതയായി പുല്‍വാമ മാറും. അങ്ങനെ ദേശാഭിമാനത്താല്‍ പ്രചോദിതമായിരിക്കുന്ന ഒരന്തരീക്ഷത്തില്‍ നാടിനെ സ്നേഹിക്കുന്ന നേതാവിനു മാത്രമേ ജനതയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന മുദ്രാവാക്യം ഉയരാന്‍ ഇനി അധികം സമയമില്ല.

പുറത്തു നിന്നുമുള്ള ശത്രുക്കളെ നേരിടുന്നതിനൊപ്പം അകത്തുള്ള ഇത്തരം ശത്രുക്കളേയും നേരിടാനുള്ള തന്ത്രവും ആര്‍ജ്ജവവും ഭാരതത്തിലെ ജനത പ്രകടിപ്പിക്കേണ്ട സവിശേഷമായ സന്ദര്‍ഭമാണിത്. നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരിക്കലും അതിനായി ശ്രമിക്കേണ്ടി വരില്ല എന്നതാണ് വസ്തുത.

ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയപ്പെട്ട ജവാന്മാര്‍ക്ക് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *