Sat. Nov 23rd, 2024
വാഷിംഗ്‌ടൺ ഡി സി:

15 വർഷത്തോളമായി ചൊവ്വ ഗ്രഹത്തിൽ പര്യവേഷണം നടത്തുന്ന “ഓപ്പർച്യുണിറ്റി റോവർ” എന്ന ബഹിരാകാശ പേടകം പ്രവർത്തനരഹിതമായതായി നാസ പ്രഖ്യാപിച്ചു. പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ഇപ്പോൾ സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ഓപ്പർച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഓഫ് സയൻസ് ഡയറക്ടർ തോമസ് സർബച്ചൻ അറിയിച്ചു.

കഴിഞ്ഞ ജൂൺ 10ന് ചൊവ്വയിൽ വീശിയടിച്ച പൊടിക്കാറ്റിലാണ് ഓപ്പര്‍ച്യുണിറ്റിയുമായുള്ള ബന്ധം നഷ്ടമായത്. ചൊവ്വാഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ മാർസ് എക്സ്പ്ലൊറേഷന്‍ റോവർ പ്രോഗ്രാമിന്റെ ഭാഗമായി 2003 ജൂലൈയിലാണു പേടകം വിക്ഷേപിച്ചത്. 2004 ജനുവരിയിൽ ചൊവ്വയിലെത്തി പ്രവർത്തനം തുടങ്ങി.
പതിനഞ്ചു വർഷങ്ങൾക്കിടയിൽ ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന രണ്ടു ലക്ഷത്തിലധികം ചിത്രങ്ങൾ ഭൂമിയിലേക്കയച്ചു. ഭൂമിയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന ചൊവ്വ ഗ്രഹത്തിന്റെ വിശദാംശങ്ങൾ വ്യക്ത മാക്കുന്ന ത്രിമാന ചിത്രങ്ങൾ അയക്കാനായത് പേടകത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. ഹേമടെയ്റ്റ് എന്ന ധാതു ചൊവ്വയിൽ ഉണ്ടെന്നും ഈ പേടകത്തിന്റെ സഹായത്താൽ ശാസ്ത്ര ലോകം കണ്ടെത്തി.

ജനുവരി 2004 മുതലാണ് റോവർ സ്പിരിറ്റ് എന്ന മറ്റൊരു പേടകത്തോടൊപ്പം, ഓപ്പർച്യുണിറ്റി, ചൊവ്വയിലുള്ള പര്യവേഷണം ആരംഭിക്കുന്നത്. ചൊവ്വയുടെ രണ്ടു വശങ്ങളിലാണ് ഓപ്പർച്യുണിറ്റിയും സഹറോവറായ സ്പിരിറ്റും ഭ്രമണം നടത്തിയത്. എന്നാൽ എട്ടു വർഷങ്ങൾക്ക് മുൻപ് സ്പിരിറ്റ് മണലിൽ പൂണ്ട് പ്രവർത്തനരഹിതമായി.

പിന്നീടുള്ള വർഷങ്ങൾ ഓപ്പർച്യുണിറ്റി ഒറ്റയ്ക്കായിരുന്നു ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിൽ എത്തിച്ചിരുന്നത്. 3 മാസക്കാലയളവിലേക്കാണ് സ്പിരിറ്റും ഓപ്പർച്യുണിറ്റിയും നിർമ്മിക്കപ്പെട്ടത്. ലക്ഷ്യം വച്ച സമയത്തേക്കാൾ വളരെ അധികകാലം, നീണ്ട പതിനഞ്ച് വർഷങ്ങൾ ഭ്രമണം നടത്തിയ ഓപ്പർച്യുണിറ്റി വൻ വിജയമായിരുന്നുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 31 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തിലൂടെ പര്യവേഷണം നടത്തുകയും, ഇക്കാലയളവിനുള്ളിൽ 45.16 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു ഈ ചെറുപേടകം.

ചൊവ്വാഴ്ച പേടകത്തിലേക്കുള്ള സന്ദേശം അയച്ച് അവസാനശ്രമം നടത്തി നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ, ഓപ്പർച്യുണിറ്റി റോവറിന്റെ ചൊവ്വ ദൗത്യം അവസാനിച്ചതായി നാസ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *