ന്യൂയോർക്ക്:
കേരളത്തിലെ ദളിത് സ്വത്വ രാഷ്ട്രീയം ചർച്ച ചെയ്ത മലയാളി സംവിധായകൻ ജയൻ.കെ.ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ'(2013) രജനീകാന്തിന്റെ, പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാല’ (2018) തുടങ്ങിയ ചിത്രങ്ങൾ ന്യൂയോർക്കിലെ ആദ്യ ദളിത് ചലച്ചിത്ര – സാംസ്കാരികോത്സവത്തിൽ പ്രദർശിപ്പിക്കും. ഈ മാസം 23,24 എന്നീ തീയതികളിലാണ് ചലച്ചിത്രോത്സവം നടക്കുക.
മാരി ശെൽവരാജിന്റെ കന്നി ചിത്രം ‘പരിയേഴും പെരുമാൾ'(2018), നീരജ് ഗായ്വാന്റെ ഹിന്ദി ചലച്ചിത്രം ‘മസാൻ’ (2015), നാഗരാജ മാഞ്ചുലെയുടെ മറാത്തി ചിത്രം ‘ഫാൻഡ്രീ’ (2013), പ്രേംരാജ് സംവിധാനം ചെയ്ത, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെ വിശകലനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ശരണം ഗച്ഛാമി'(2017), സാമൂഹിക പരിഷ്കർത്താവായ ഹർദാസ് ലക്ഷ്മൺ റാവു നാഗരാലെയുടെ ജീവിതകഥ പറയുന്ന മറാത്തി ചിത്രം ബോലെ ഇന്ത്യ ജയ് ഭീം (2016) എന്നിവയാണ് പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ.
അംബേദ്‌കർ ഇന്റർനാഷനൽ മിഷൻ യു.എസ്.എ, അംബേദ്‌കർ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ബോസ്റ്റൺ സ്റ്റഡി ഗ്രൂപ്പ്, അംബേദ്‌കർ ബുദ്ധിസ്റ്റ് അസോസിയേഷൻ ടെക്സാസ് എന്നീ സംഘടനകൾ സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ബാർനാർഡ് കോളേജ് ന്യൂയോർക്കിലെ ദി ന്യൂ സ്കൂൾ എന്നിവയുടെ സഹകരണവും ആതിഥേയത്വവും പരിപാടിക്കുണ്ടാവും. പാ രഞ്ജിത്ത്, നാഗരാജ് മഞ്ജുലെ, നിഹാരിക സിംഗ് എന്നിവർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ സംഘാടകർ തന്നെയാണ് ഈ വാർത്ത പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. സിനിമയിലെ കുറഞ്ഞ ദളിത് പ്രാതിനിധ്യത്തെ പറ്റിയുള്ള ചർച്ചക്ക് തുടക്കം കുറിക്കാനും ജനപ്രിയ കലാരൂപങ്ങളുടെ അടിയിൽ മൂടപ്പെട്ടുകിടക്കുന്ന ദളിത് ജീവിതത്തിന്റെ വൈവിധ്യം ലോകത്തിന് മുൻപിൽ തുറന്ന് കൊടുക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി എന്ന് സംഘാടകർ പത്രക്കുറിപ്പിൽ പറഞ്ഞു. ഇതുവരെയും കാണാത്തതും വൈവിധ്യവുമായ ദളിത് സമൂഹത്തെയും സംസ്കാരത്തെയും പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത ഡോക്യുമെന്ററികളും കഥാചിത്രങ്ങളും എന്ന് സംഘടകർ പറഞ്ഞു.
ദിവ്യ സംവിധാനം ചെയ്ത ഡോക്യുമെന്ററിയായ ‘കക്കൂസ്’, നാഗരാജ് മാഞ്ചുലെയുടെ ഹൃസ്വ ചിത്രം ‘പിസ്‌തുല്യ’ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ആധാരമാക്കി ദീപാ ധനരാജ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘വി ഹാവ് നോട്ട് കം ഹിയർ ടു ഡൈ’ എന്നിവയും ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ദളിത് കല, സാഹിത്യം, ഫോട്ടോഗ്രഫി എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.