ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കയെ നേരിടുന്ന ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കേരള താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇടം നേടി.
കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് വത്സലിനും വരുണിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഈ വര്‍ഷം 1235 റണ്‍സടിച്ച വത്സല്‍, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 123.50 ശരാശരിയോടെയായിരുന്നു ഈ പത്തൊമ്പതുകാരന്റെ പ്രകടനം. ഇതില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഈ മികവിന്റെ അടിസ്ഥാനത്തില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലും വത്സല്‍ ഇടം പിടിച്ചിരുന്നു.
ചാലക്കുടി സ്വദേശി ഗോവിന്ദ് കനകന്റെയും ഡൽഹി സ്വദേശി റൂമ ഗോവിന്ദ് ശർമ്മയുടെയും മകനായ വത്സൽ തൃശൂർ കേരള വർമ്മ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കേരള അണ്ടര്‍-16 ടീമിന്റെ ക്യാപ്റ്റനായിരുന്നു വരുൺ നായനാർ. കൂച്ച് ബിഹാര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇരട്ട സെഞ്ചുറി നേടി. അഞ്ചു മത്സരങ്ങളില്‍ നിന്ന് 97 ശരാശരിയില്‍ 679 റണ്‍സാണ് വരുണിന്റെ സമ്പാദ്യം. കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനായ വരുൺ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
പരമ്പരയിലെ രണ്ട് ചതുർദിന ടെസ്റ്റ് മത്സരങ്ങൾ 20 മുതൽ 23 വരെയും 26 മുതൽ മാർച്ച് 1 വരെയും തിരുവനന്തപുരം സ്പോർസ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. അതിനു ശേഷം ഏകദിന പരമ്പരയുമുണ്ട്.
രാഹുൽ ദ്രാവിഡാണു ടീമിന്റെ പരിശീലകൻ.