Wed. Jan 22nd, 2025

പ്രോ വോളിയിൽ കളിച്ച അഞ്ചു മത്സരങ്ങളിലും മിന്നും വിജയം നേടി കേരളത്തിന്റെ അഭിമാനമായ കാലിക്കറ്റ് ഹീറോസ് തങ്ങളുടെ കൊച്ചിയിലെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയാക്കി. നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിരുന്ന ഹീറോസ് അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ തകർത്തു. സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8

ആദ്യ സെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഒടുവിൽ വിജയം കാലിക്കറ്റിനായിരുന്നു. പക്ഷെ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന ഡിഫൻഡേഴ്‌സ് കാലിക്കറ്റിനെ നിഷ്പ്രഭമാക്കി സെറ്റു നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ കാലിക്കട്ടിന്റെ ഊഴമായിരുന്നു. മികച്ച സര്‍വുകളും ബ്ലോക്കുകളുമായി താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ മൂന്നാം സെറ്റ് അഹമ്മദാബാദ് ഹീറോസിന് മുന്നിൽ അടിയറവ് വെച്ചു. അവസാന രണ്ടു സെറ്റുകളിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ അഹമ്മദാബാദിന്റെ താരങ്ങള്‍ക്ക് കഴിയാതെ വന്നതോടെ കാലിക്കറ്റ് അനായാസ വിജയം നേടുകയായിരുന്നു.

പോൾ ലോട് മാൻ, അജിത് ലാൽ, ജെറോം വിനീത് എന്നിവർ കരുത്തുറ്റ സ്മാഷുകളും, സർവുകളുമായി കാലിക്കറ്റിനു വേണ്ടി കളം നിറഞ്ഞു കളിച്ചു. പോൾ ലോട് മാൻ ആണ് കളിയിലെ താരം.

ഇതോടെ ലീഗിൽ അജയ്യരായി തുടരുന്ന കാലിക്കറ്റിനു 11 പോയിൻറ് ആയി. 16 മുതല്‍ 18 വരെ ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *