Mon. Dec 23rd, 2024

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം. ഈ ദിവസത്തിനും ഒരു ചരിത്രമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ജീവൻ വെടിഞ്ഞ സെന്റ്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓര്‍മ്മദിനമാണ് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നാണ് ഐതിഹ്യം.

എല്ലാ വര്‍ഷവും ഫെബ്രുവരി 14 ആം തീയതി, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി ലോകമെമ്പാടും വാലന്റൈന്‍സ് ഡേ, ആഘോഷിക്കപ്പെടുകയാണ്. പ്രണയം ഏറ്റുപറയാനും ഊട്ടി ഉറപ്പിക്കാനുമായുള്ള ഈ ദിനത്തില്‍, കമിതാക്കൾ പരസ്പരം പൂക്കളും സമ്മാനങ്ങളും കത്തുകളും കൈമാറിയാണ് ആഘോഷിക്കുന്നത്.
ആ ദിവസത്തിലേക്കു നയിക്കുന്ന ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. ഫെബ്രുവരിന് 11 ന് പ്രോമിസ് ഡേയാണ്. പ്രൊപ്പോസ് ഡേയിൽ ജീവിതത്തിലേക്ക് ക്ഷണിച്ച സ്നേഹഭാജനത്തിന് എന്നും ഒപ്പമുണ്ടാകുമെന്ന വാഗാദാനം നൽകുന്ന ദിനമാണിത്. മാത്രമല്ല അവന്റെ അല്ലെങ്കിൽ അവളുടെ ആഗ്രങ്ങള്‍, സ്വപ്നങ്ങള്‍ മുൻനിര്‍ത്തി മോഹനവാഗ്ദാനങ്ങള്‍ നൽകുന്ന ദിനം കൂടിയാണിത്. വരും ദിവസങ്ങള്‍ കിസ് ഡേയും ഹഗ് ഡേയും പിന്നെ വാലന്‍റൈൻ ഡേയുമാണ്.

റോം ഭരിച്ചിരുന്ന ക്രൂരനും യുദ്ധക്കൊതിയനുമായ ക്ലൗഡിയസ് രണ്ടാമന്‍ (Emperor Claudius ॥) ചക്രവര്‍ത്തിയുടെ കാലത്ത് (AD 270) ക്രൈസ്തവര്‍ ഏറെ ക്രൂരതകള്‍ക്ക് വിധേയരായിരുന്നു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും മനസ്സിലാക്കിയ ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. ഇക്കാലയളവിലാണ് വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട ചരിത്രം തുടങ്ങുന്നത്.

വി. വാലന്റൈന്‍ റോമില്‍ നിന്നും 60 മൈല്‍ അകലെയുള്ള തെര്‍നി പ്രവിശ്യയിലെ ബിഷപ്പ് ആയിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ ബിഷപ്പ് ആയി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യനായിരുന്നു. എന്നാല്‍, റോം ഭരിച്ചിരുന്ന ദുഷ്ടനായ ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ക്രിസ്ത്യാനികളുടെ മേലുള്ള ക്രൂരതകള്‍ മൂലം പല തവണ ജയില്‍വാസം അനുഭവിക്കുകയും പലവിധത്തിലുള്ള യാതനകളിലൂടെ അദ്ദേഹം കടന്നു പോകുകയും ചെയ്തിരുന്നു.

ഒരിക്കല്‍ സായാഹ്നസവാരിക്കിറങ്ങിയ ബിഷപ്പ്, കമിതാക്കളായ രണ്ടുപേരുടെ വഴക്ക് കാണാനിടയായി. അദ്ദേഹം, അവിടെ അടുത്തുള്ള പൂന്തോട്ടത്തില്‍ നിന്നും ഒരു ചുവന്ന റോസാപുഷ്പം വഴക്കിട്ടിരുന്ന കുട്ടികള്‍ക്ക് നല്‍കുകയും സ്നേഹത്തോടെ സംസാരിച്ച് അവരുടെ പിണക്കം അവസാനിപ്പിക്കുകയും ചെയ്തു. ‘ലവ് ബേര്‍ഡ്സ്’ എന്ന പ്രതീകം ഈ സംഭവത്തില്‍ നിന്നുമാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്. ഈ കഥകള്‍ കേട്ടറിഞ്ഞ ധാരാളം കാമിതാക്കള്‍ വി. വാലെന്റൈന്റെ പക്കല്‍ അനുഗ്രഹം വാങ്ങാനായി എത്തിച്ചേര്‍ന്നുവത്രേ. തന്‍റെയടുക്കല്‍ അനുഗ്രഹം വാങ്ങാനായി എത്തിച്ചേരുന്ന കമിതാക്കള്‍ക്ക് അദ്ദേഹം പ്രണയോപഹാരമായി പനിനീര്‍ പുഷ്പങ്ങള്‍ സമ്മാനിക്കുമായിരുന്നു.

അങ്ങനെയിരിക്കെ, തെര്‍ണിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ‘സെരപ്പിയ’ എന്ന യുവതി ‘സബിനസ്’ എന്ന യുവാവുമായി പ്രണയത്തിലായി. എന്നാല്‍ ചക്രവര്‍ത്തിയുടെ ഉത്തരവിനെ ഭയന്ന് സെരപ്പിയയുടെ മാതാപിതാക്കള്‍ അവരെ വിവാഹിതരാകാന്‍ അനുവദിച്ചില്ല. വീട്ടുതടങ്കലിലായ സെരപ്പിയ രോഗശയ്യയിലായി. കാമുകനായ സബിനസ് സഹായമഭ്യര്‍ത്ഥിച്ച് വാലന്റൈന്‍ ബിഷപ്പിന് കത്തെഴുതുകയും അദ്ദേഹം മുന്‍കൈയെടുത്ത് ഇരുവരുടേയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.

വാലെന്റൈന്‍ ബിഷപ്പിന്റെ ജനസമ്മതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നതില്‍ ആശങ്കാകുലനായ ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ‘ഔരേലിയന്‍’ ചക്രവര്‍ത്തി (Emperor Aurelian) അദ്ദേഹത്തെ കാരാഗ്രഹത്തില്‍ അടക്കുകയും മാസങ്ങളോളം പീഡകള്‍ക്ക് വിധേയനാക്കുകയും ചെയ്തു. AD 273, ഫെബ്രുവരി 14 ന് തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിൽ അദ്ദേഹം രക്തസാക്ഷിത്വം കൈവരിക്കുകയും ചെയ്തു.

ജയിലില്‍ കഴിയവേ, ബിഷപ്പിന്റെ അഗാധമായ അറിവില്‍ ആകൃഷ്ടനായ ജയിലര്‍, തന്റെ ജന്മനാ അന്ധയായ മകളെ പഠിപ്പിക്കാനായി അദ്ദേഹത്തിനടുത്ത് കൊണ്ടുവന്നു. വാത്സല്യത്തോടെയും സ്നേഹത്തോടെയും കഥകളിലൂടെ അദ്ദേഹം അവള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. താന്‍ മരണപ്പെടുന്നതിനു തൊട്ടുമുന്‍പ് കൈകള്‍ അവളുടെ കണ്ണുകളില്‍ വെച്ച് അനുഗ്രഹിക്കുകയും അവള്‍ക്ക് കാഴ്ച ലഭിക്കുകയും ചെയ്തു. വാലെന്റൈന്‍, തന്‍റെ ശിഷ്യയ്ക്ക് എഴുതിയ അവസാന കുറിപ്പ് അവസാനിക്കുന്നത്, “..എന്ന് നിന്‍റെ വാലെന്റൈന്‍.” എന്ന വാചകത്തിലാണ്. അതില്‍ നിന്നുമാണ് പ്രണയ ലേഖനങ്ങള്‍ എഴുതുന്ന രീതി നിലവില്‍ വന്നതത്രെ.

അഞ്ചാം നൂറ്റാണ്ടില്‍ ഗലേഷ്യസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ റോമിനടുത്തുള്ള ‘തെര്‍നി’ (Terni) പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും, റോമന്‍ പടയാളികളാല്‍ രക്തസാക്ഷിത്വം വരിച്ച, പ്രണയത്തിന്റെ അപ്പസ്തോലനായിരുന്ന, ബിഷപ്പ് വാലന്റൈന്‍റെ ഭൗതീക അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, ശവകുടീരത്തിനു മുകളില്‍ അദ്ദേഹത്തിന്‍റെ പേരില്‍ പള്ളിയും (St. Valentine Church) പണി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. പതിനേഴാം നൂറ്റാണ്ടില്‍, അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, അവിടെത്തന്നെ പുതിയ ബസിലിക്ക (St. Valentine Basilica, Terni) പണിയുകയും ചെയ്തു.

ലോകത്തിൽ ആദ്യമായി വാലന്റൈൻസ് കാർഡ് അയക്കുന്നത് ചാൾസ് എന്ന ഫ്രഞ്ചുകാരൻ ആയിരുന്നു. ഓർലിയൻസിലെ പ്രഭുവായിരുന്ന അദ്ദേഹം അക്കാലത്ത് ലണ്ടൻ ടവറിൽ തുറുങ്കിൽ അടക്കപ്പെട്ടപ്പോൾ തന്റെ കാമുകിയായ ബോൺ ഓഫ് ആർമന്യാക്കി’ന് അയച്ചതായിരുന്നു ‘ഫെയർവെൽ റ്റു ലവ്’ എന്ന പ്രണയകാവ്യം.

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ആഘോഷത്തിന്റെ വിപണന സാദ്ധ്യതകൾ കച്ചവടക്കാർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. 1920 -കളിൽ തന്നെ ഹാൾമാർക്കിന്റെ വാലന്റൈൻസ് ഡേ കാർഡുകൾ കടലും കടന്ന് അമേരിക്കയിലേക്കും മറ്റും അയക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ഇന്നത്തെ വാലന്റൈൻസ് ഡേ വിപണി ഏകദേശം 20 ബില്യൺ ഡോളറിന്റേതാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങളും വിപണിയും ഇന്ത്യയിലും സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *