Mon. Dec 23rd, 2024
#ദിനസരികള് 668

അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍ നടക്കുന്നുണ്ട്. പതിയെ സമീപിച്ചു. ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു.

അനുഭവങ്ങള്‍ വെച്ച്, അറിയാത്ത വഴികളെക്കുറിച്ച് ഞാന്‍ സാധാരണ രണ്ടാളുകളോടെങ്കിലും ചോദിക്കും. ഒരാളോടു മാത്രം ചോദിച്ചു പോയ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊക്കെ പറ്റിക്കപ്പെട്ട അനുഭവമുണ്ട്. ചോദിച്ച ലക്ഷ്യത്തിന്റെ എതിര്‍ വശത്തേക്കോ മറ്റു വഴികളിലൂടെയോ ആളുകളെ പറഞ്ഞു വിടുകയെന്ന കുസൃതി- തോന്ന്യവാസമോ?- സ്കൂള്‍ കാലങ്ങളില്‍ ഞങ്ങളും ചെയ്തിട്ടുണ്ടെന്ന കാര്യം അങ്ങനെ പെട്ടെന്ന് മറക്കാന്‍ ഞാന്‍ കുമാരനാശാന്റെ ദിവാകരനെപ്പോലെ മറവി രോഗമുള്ള ആളല്ലല്ലോ. അതുകൊണ്ടാണ് ഒരാളോടു വഴി ചോദിച്ച ശേഷം വീണ്ടും ഒന്നു കൂടി ചോദിച്ച് ഉറപ്പാക്കുന്നത്.

ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ആ മനുഷ്യന്‍ എനിക്ക് അഭിമുഖമായി തിരിഞ്ഞു. അയാളുടെ കണ്ണുകള്‍ എന്നെ അടിമുടിയുഴിഞ്ഞു. ഒരു നിമിഷത്തിനു ശേഷം എന്റെ വലതു ചുമലില്‍ പിടിച്ച് അയാളെന്നെ ചേര്‍ത്തു നിറുത്തി. ഒരല്പം ബലം പ്രയോഗിച്ച് അടുപ്പിച്ചു നിറുത്തി എന്നു പറയുന്നതായിരിക്കും ശരി. വരൂ എന്നു പറഞ്ഞുകൊണ്ട് എന്റെ ചുമലിലെ പിടി വിടാതെ അയാള്‍ മുന്നോട്ടു നടന്നു.

ഞാന്‍ അസ്വസ്ഥനായി. ഒരു വെളുപ്പാന്‍ കാലത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റിലേക്ക് ഓട്ടോയില്‍ പോയ അനുഭവം ഓര്‍മ്മ വന്നു. രാവിലത്തെ ട്രെയിനില്‍ കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞാന്‍ ബസ്റ്റാന്റിലേക്ക് പോകാനായി പുറത്തേക്കു നടക്കുകയായിരുന്നു. പൊക്കം കുറഞ്ഞ ഒരു മനുഷ്യന്‍ എന്നെ സമീപിച്ചു ചോദിച്ചു :- “മോനെങ്ങെട്ടാ ..”

“ബസ്റ്റാന്റിലേക്ക്,” ഞാന്‍ പറഞ്ഞു.

“ഞാനും ബസ്റ്റാന്റിലേക്കാ.. ഓട്ടോക്ക് പോകാം. നമുക്ക് പൈസ പപ്പാതി കൊടുക്കാം.. എന്താ” അയാള്‍ ചോദിച്ചു.

ഇട്ടിരിക്കുന്ന പാന്റിന്റെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് നൂറ്റിപ്പത്തു രൂപയാണ്. വീട്ടിലേക്കുള്ള വണ്ടിക്കൂലിയ്ക്കും ഭക്ഷണത്തിനുമുള്ള തുകയാണ്. അതില്‍ നിന്നും മിച്ചംവെക്കണമെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പടക്കം ചില മാസികകള്‍ വാങ്ങിക്കണമെന്നുമുണ്ട്. അതുകൊണ്ടുതന്നെ പോക്കറ്റിന്റെ കനം കുറവായിരുന്ന ഞാന്‍ ആ പ്രലോഭനത്തില്‍ വീണു. മാവൂര്‍ റോഡിലേക്ക് തിരിയുന്നിടത്തെത്തിയപ്പോള്‍ അയാള്‍ ഇറങ്ങണം എന്ന് ഡ്രൈവറോടു പറഞ്ഞു. ഡ്രൈവര്‍ വണ്ടി നിറുത്തി.

അയാളിറങ്ങി. ഓട്ടോക്കൂലി മൊത്തമായും അയാള്‍ കൊടുത്തു. പൈസ മൊത്തം ഞാന്‍‌ കൊടുത്തിട്ടുണ്ട് എന്ന് അയാൾ എന്നോടു പറഞ്ഞു. വളരെ സന്തോഷത്തോടെ ഞാന്‍ തലകുലുക്കി. അയാള്‍ യാത്ര പറഞ്ഞു നടന്നു പോയി. ആ നല്ല മനസ്സിനു ഞാന്‍ മനസ്സുകൊണ്ടു നന്ദി പറഞ്ഞു.

കൂടുതലെന്തിന് പറയണം? ഒരു ചായയും കടിയുംതിന്ന് പൈസ കൊടുക്കാന്‍ നോക്കുമ്പോള്‍ കീശ കാലി. ഒരൊറ്റപ്പൈസയില്ല. അന്നവിടെ നിന്ന് രക്ഷപ്പെടാനും നാട്ടിലേക്കുള്ള വണ്ടിക്കൂലി സംഘടിപ്പിക്കാനും പെട്ട പാട് ഒരു നീണ്ട കഥയായി എഴുതാനുള്ള വകയുണ്ട്.

ഈ അനുഭവം മനസ്സിലുള്ളതുകൊണ്ട് അയാളെന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒന്ന് പതറി. കീശയില്‍ അധികം പൈസയൊന്നുമില്ലെങ്കിലും ഞാനെന്റെ പോക്കറ്റും തോള്‍ സഞ്ചിയും മറ്റും നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷേ അയാള്‍ക്ക് കൂസലൊന്നുമില്ലായിരുന്നു. ഏകദേശം പത്തു മിനിട്ടോളം അദ്ദേഹം എന്നേയും കൊണ്ടു മുന്നോട്ടു നടന്നു. വലതു വശം പാര്‍ക്കാണോ അതോ കാടാണോ എന്നോര്‍മ്മയില്ല. ഇടതുവശത്ത് വഴിയോടു ചേര്‍ന്ന് ചില ചെറിയ കടകളുണ്ടായിരുന്നതായി ഓർമ്മയുണ്ട്.

അത്തരത്തിലുള്ള ഒരു ചെറിയ കടയിലേക്ക് അയാളെന്നെ പിടിച്ചു കയറ്റി. എനിക്കൊന്നും വേണ്ട എന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല. ചെറിയ സ്റ്റീല്‍ ഗ്ലാസില്‍ ചായ വന്നു. കൂടെ ബണ്ണുപോലെയുള്ള ഒരു പലഹാരവും. ബാക്കിയൊക്കെ പിന്നെ എന്ന ചിന്തയോടെ കഴിച്ചു. വിശപ്പ് ഒരല്പം മാറിയതുപോലെ. ഒരു ഗ്ലാസു ചൂടുവെള്ളം കൂടി വാങ്ങിക്കുടിച്ചു. വീണ്ടും പുറത്തിറങ്ങി വന്ന അയാള്‍ ദൂരേക്ക് കൈ ചൂണ്ടി. ആകാശത്തിലേക്ക് ഉയര്‍ന്നു നില്ക്കുന്ന ശിവന്റെ പ്രതിമ കണ്‍മുന്നില്‍ തെളിഞ്ഞു. അതുതന്നെയാണ് ആശ്രമം അയാള്‍ പറഞ്ഞു.

നന്ദി പറഞ്ഞ് ഞാന്‍ മുന്നോട്ടു നടന്നു. അപ്പോഴും അയാളുടെ പെരുമാറ്റം എന്നിലുണ്ടാക്കിയ അങ്കലാപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. കുറച്ചു ദൂരം ചെന്ന ശേഷം ഞാന്‍ തിരിഞ്ഞുനോക്കി. അവിടെയെങ്ങും അയാളുണ്ടായിരുന്നില്ല.

ആരെങ്കിലും വഴി ചോദിക്കുമ്പോള്‍ എന്നെ വന്നു പൊതിഞ്ഞു പിടിക്കുന്ന ഒരു കൈ എനിക്ക് ഓര്‍മ്മ വരും. അതുകൊണ്ടു തന്നെ പിന്നീടൊരിക്കലും ഞാന്‍ തമാശയ്ക്കുപോലും ആരുടേയും വഴി തെറ്റിക്കാന്‍ ശ്രമിച്ചിട്ടില്ല.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *