Sun. Jan 19th, 2025
അബുദാബി:

രാജ്യാന്തര തലത്തിൽത്തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനങ്ങളിൽ ഒന്നായ ഐഡക്സിന് ഫെബ്രുവരി 17 നു യു എ ഇ യിൽ തുടക്കം കുറിക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നടക്കുക.

ഇതിന്റെ ഭാഗമായി നാവികസേന പ്രദർശനമായ നേവഡക്‌സും ഒരുക്കുന്നുണ്ട്. യുദ്ധോപകരണങ്ങളുടെയും, സാങ്കേതിക വിദ്യകളുടെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഐഡക്സ്. മധ്യപൂര്‍വദേശത്തെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനങ്ങളിൽ ഒന്നെന്ന് ഐഡക്സിനെ വിശേഷിപ്പിക്കാം.

പ്രതിരോധ രംഗത്തെ പുത്തന്‍ സങ്കേതികവിദ്യകളുടെയും, അതിനൂതന ആയുധങ്ങളുടെയും പ്രദര്‍ശനവേദിയാണിത്. ഐഡക്സിന് മുന്നോടിയായി ഫെബ്രുവരി 14 മുതൽ 16 വരെ എമിറേറ്റ്സ് പാലസിൽ രാജ്യാന്തര പ്രതിരോധ സമ്മേളനം നടക്കും. പ്രതിരോധ, നാവിക രംഗങ്ങളിലെ വിദഗ്ദ്ധരും, നൂതന സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന പ്രദർശനങ്ങൾ, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്യും.

1310 കമ്പനികളാണ് ഈ പ്രതിരോധ പ്രദർശനത്തിൽ തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തുന്നത്. ഇതിൽ 85 ശതമാനവും വിദേശ കമ്പനികളാണ്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം ആളുകളാണ് അ‍ഞ്ച് ദിവസം നീണ്ട പ്രദര്‍ശനം കാണാനെത്തിയത്.

ബ്രഹ്മോസ് മിസൈൽ ആയിരുന്നു കഴിഞ്ഞ തവണ ഇന്ത്യൻ പവലിയനിൽ പ്രധാന ആകർഷണം. 1917 കോടി ദിർഹത്തിന്റെ വിവിധ ആയുധ ഇടപാടുകളാണ് പ്രദർശനത്തിനോടനുബന്ധിച്ചു കഴിഞ്ഞ തവണ നടന്നത്. ഇത്തവണ 2000 കോടി ദിർഹത്തിനു മേലെയുള്ള കരാറുകളാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *