125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ ഒന്നായ സുസുക്കി ആക്‌സസ് 125 ന്റെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങുന്നു. ഏപ്രില്‍ മുതല്‍ പുതിയ റോഡ് സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതു കണക്കിലെടുത്തു കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിയാണ് സുസുക്കി പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്.
ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ് ആക്‌സസ് 125 -ന്റെ രൂപകല്‍പന. സ്‌കൂട്ടറിന്റെ ആറു നിറങ്ങളിലുള്ള പതിപ്പുകളാണ് കമ്പനി വിപണിയില്‍ കൊണ്ടുവരുന്നത്. ലളിതമായ ഡിസൈന്‍ ശൈലി സ്‌കൂട്ടറിന് കൂടുതല്‍ പക്വത സമര്‍പ്പിക്കുന്നു.
കുറഞ്ഞ ഭാരവും പ്രകടനക്ഷമതയുള്ള എഞ്ചിനും ആക്സസിനെ ജനപ്രിയമാക്കുന്നു. അലോയ് വീലുകള്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വണ്‍ പുഷ് സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം, മുന്‍ പോക്കറ്റ്, മുന്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിവയാണ് ഈ മോഡലിന്റെ മറ്റു സവിശേഷതകൾ. എയർ കൂളിംഗ് സംവിധാനമുള്ള 125 സിസി എഞ്ചിന് 8.4 bhp കരുത്തും 10.2 Nm torque ഉം പരമാവധി ലഭിക്കും. ഇന്ധനശേഷി 5.6 ലിറ്റര്‍. 60 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ആക്സസിനു കമ്പനി അവകാശപ്പെടുന്നത്. സ്‌കൂട്ടറിന് ദില്ലി ഷോറൂം വില 56,667 രൂപയാണ്. കഴിഞ്ഞ വർഷം ആക്സസിന്റെ സ്‌പെഷൽ എഡിഷൻ സുസുക്കി പുറത്തിറക്കിയിരുന്നു