പറവൂര്‍:
സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും, അഞ്ചും ആറും പ്രതികളായവര്‍ക്കു ഏഴുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും വിധിച്ചു. പറവൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്‌ജി ടി സഞ്ചു ആണ് ശിക്ഷ വിധിച്ചത്.
കേസില്‍ ഒന്നാം പ്രതി ചെറായി വെളിയംകോട് പ്രവീണ്‍ (പച്ചോ – 35), രണ്ടാം പ്രതി വാടേപ്പറമ്പിൽ രാജേഷ് (44), മൂന്നാം പ്രതി കോലോത്തുംകടവ് ദേവസ്വംപറമ്പിൽ ജ്യോതിഷ് (35), നാലാം പ്രതി ദേവസ്വംപറമ്പിൽ ജിതേഷ് (33). അഞ്ചും ആറും പ്രതികൾ ചെറായി പെരുന്തോടത്ത് നോബല്‍കുമാര്‍ (31), മനയത്തുകാട് അരുള്‍ദാസ് (40) എന്നിവരാണ്. കെ.എസ്.യു മുന്‍ ജില്ലാ നേതാവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമാണ് നോബല്‍കുമാര്‍. കേസിലെ ഏഴുമുതല്‍ പതിനൊന്നു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
കേസിനു ആസ്പദമായ സംഭവം ഇങ്ങനെ:
2006 ജൂണ്‍ 10 ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ചെറായി പാപ്പരാക്കല്‍ ക്ഷേത്രത്തിനു സമീപം 11 പേരടങ്ങുന്ന സംഘം ബോംബെറിഞ്ഞു. ബോംബേറില്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറിയ പ്രതികള്‍ വടിവാളും ഇരുമ്പുവടികളും ഉപയോഗിച്ച് ആക്രമിച്ചു. കൊറിയപ്പാടത്ത് അനീഷിന് ദേഹമാസകലം വെട്ടേറ്റു. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു.
പ്രതികള്‍ പിഴയടയ്ക്കുന്ന ആകെ തുകയായ ഒൻപതുലക്ഷം രൂപ ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ ചെറായി കൊറിയപ്പാടത്ത് അനീഷ്, പുതുശ്ശേരി സീജന്‍ വര്‍ഗീസ് എന്നിവര്‍ക്കു ലഭിക്കും.