Wed. Jan 22nd, 2025
സൗദി:

വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഭീമമായ ലെവി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് 1150 കോടി റിയാലിന്റെ സാമ്പത്തിക സഹായം സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. നിതാഖാത് അടിസ്ഥാനത്തിൽ പ്ലാറ്റിനം, ഗ്രീൻ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കമ്പനികൾക്കാണ് ഈ സഹായം ലഭ്യമാകുക. ആ സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്കു വേണ്ടി 2018 ൽ അടച്ച ലെവി തുക അവർക്കു തിരികെ ലഭിക്കും.

മൂന്നര ലക്ഷം സ്ഥാപനങ്ങൾക്കു പ്രയോജനപ്പെടുന്ന ഈ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് സൗദി വിപണിയിൽ നിന്നും ലഭിച്ചത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ 20000 കോടി റിയാലാണ് സൗദി ബജറ്റിൽ വകയിരുത്തിട്ടുള്ളത്. ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ഊർജ്ജവും കൂടുതൽ അനുപാതത്തിൽ സ്വദേശി വത്ക്കരണത്തിനും വഴിയൊരുങ്ങുമെന്നു സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ റാജി പ്രത്യാശ പ്രകടിപ്പിച്ചു.

സൽമാൻ രാജാവ് പ്രഖ്യാപിച്ച ​ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതിയെക്കുറിച്ച് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപന ഉടമ IBAN ഉൾപ്പെടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കമേഴ്​സ്യൽ രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെ തൊഴിൽ മന്ത്രാലയത്തിനാണ് അപേക്ഷ നൽകേണ്ടത്. സ്ഥാപന ഉടമ നൽകിയ വിവരങ്ങൾ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലെവി ഇനത്തിൽ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നൽകുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *