സൗദി അറേബ്യ:
2018 വരെ സൗദിയിൽ സ്ത്രീകൾ കാർ ഓടിക്കുന്നതു ചിന്തിക്കാൻ പോലും സാധിക്കാത്ത വിഷയമായിരുന്നു. എന്നാൽ 2018 ജൂണിൽ മാത്രം വനിതകൾക്കും ഡ്രൈവിങ് ലൈസൻസ് കൊടുത്തുതുടങ്ങിയ സൗദിയിൽ നിന്നും കാർ റേസിംഗ് ലൈസൻസ് നേടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു സൗദി വനിത.
26 വയസുള്ള റീമ അൽ ജുഫാലി എന്ന ജിദ്ദ സ്വദേശിനിയാണ് സൗദിയിൽ നിന്നും കാർ റേസിംഗ് രംഗത്തു ഈ നേട്ടം ഉണ്ടാക്കിയത്. ഉടൻ ആരംഭിക്കുന്ന എം ആർ എഫ് ചലഞ്ചിന്റെ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് റീമ. വിദേശത്തു പഠനം പൂർത്തിയാക്കിയ റീമ കാർ റേസിങ്ങിൽ ആകൃഷ്ടയായി റേസിംഗ് സ്കൂളിൽ ചേരുകയായിരുന്നു.
തുടക്കത്തിൽ ഇതിനെ എതിർത്തിരുന്ന കുടുംബക്കാരെ പറഞ്ഞു സമ്മതിപ്പിക്കാൻ റീമക്ക് നീണ്ട നാലു വർഷത്തെ ശ്രമം വേണ്ടി വന്നു. ഒടുവിൽ സൗദിയിൽ സ്ത്രീകൾക്കും ലൈസൻസ് കൊടുത്തു തുടങ്ങിയപ്പോഴാണ് റേസിംഗ് ട്രാക്കിൽ ഇറങ്ങാൻ റീമയ്ക്കു വഴി തെളിഞ്ഞത്. ഇപ്പോൾ രാജ്യം മുഴുവൻ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നു റീമ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ GT -86 കാറിൽ റേസിങ്ങിൽ റീമ അരങ്ങേറ്റം കുറിച്ചിരുന്നു. പുതിയ വേഗങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സൗദി വനിത.