നഡിയഡ്, ഗുജറാത്ത്:
നഡിയഡിലെ സി.എ.ജി. സ്പോര്‍ട്‌സ് കോംപ്ലക്സില്‍ നടന്ന 64-ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനു കിരീടം. പുരുഷ, വനിതാ വിഭാഗങ്ങളെ രണ്ടായി തിരിച്ചായിരുന്നു ഇത്തവണ ദേശീയ സീനിയർ സ്കൂൾ മീറ്റ് നടത്തിയത്.
104 പോയന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ പെൺകുട്ടികൾ കിരീടം സ്വന്തമാക്കിയത്. 54 പോയിന്റ് നേടി തമിഴ്‌നാട് രണ്ടാമതും 41 പോയന്റോടെ ഡല്‍ഹി മൂന്നാമതും എത്തി.
അവസാന ദിനം നടന്ന ഏഴു ഫൈനലുകളിൽനിന്ന് കേരളം രണ്ടു സ്വർണ്ണവും മൂന്നു വെള്ളിയും നേടി. ആകെ ആറു സ്വർണ്ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെയാണ് കേരളത്തിന് 104 പോയിന്റ് ലഭിച്ചത്.
ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബു കേരളത്തിനായി സ്വർണ്ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ മെറിന്‍ ബിജു വെള്ളി മെഡല്‍ കരസ്ഥമാക്കി. പിന്നാലെ 4×400 മീറ്റര്‍ റിലേയില്‍ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയമോള്‍ ജോയ് എന്നിവരടങ്ങിയ ടീം സ്വർണ്ണം കരസ്ഥമാക്കി. പക്ഷെ 200 മീറ്ററില്‍ കേരളത്തിന്റെ സ്വർണ്ണ പ്രതീക്ഷയായിരുന്ന ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പിനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ട്രിപ്പിൾ ജമ്പിലും ലോങ്ങ് ജമ്പിലും കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയ സാന്ദ്ര ബാബു ആണ് മീറ്റിലെ സുവർണ്ണ താരം.