Mon. Dec 23rd, 2024
കോട്ടയം:

കെവിന്‍ വധക്കേസില്‍ കുറ്റപത്രത്തിനു മേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി.ജോസഫിനെ, നീനു വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനുവും പിതാവ് ചാക്കോയും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്.

2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദലിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കെവിനെ പെൺകുട്ടിയുടെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടു പോയി തെന്മല ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കേസിൽ നീനു മുഖ്യസാക്ഷിയാണ്. നീനുവിന്റെ പിതാവ് ചാക്കോ ജോസഫ് കേസിൽ 5ാം പ്രതിയാണ്.

ചാലിയേക്കര ആറ്റിൽ വീഴ്ത്തി പ്രതികൾ മന:പൂർവ്വമാണ് കെവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രൊസിക്യൂഷൻ വാദിക്കുന്നത്. കേസിൽ ഗതാഗത മോട്ടോർ വകുപ്പുകളുടെ കാമറ ദൃശ്യങ്ങൾ നിർണ്ണായകമാകും. മാന്നാനത്തെ സ്കൂളിന്റെ സി.സി.ടി.വിയിലും കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കേസിൽ ഒന്നാം പ്രതി, നീനുവിന്റെ സഹോദരൻ സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി നിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10-ാം പ്രതി വിഷ്ണു എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. മറ്റ് പ്രതികളെ നേരത്തെ വിട്ടയച്ചിരുന്നു.

കേസിൽ 176 സാക്ഷികളാണുള്ളത്. 170 തെളിവുകളും മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. കേസിലെ 14 പ്രതികൾക്കെതിരെ നരഹത്യ, ഗൂഢാലോചന, ഭവനഭേദനം എന്നിവ ഉൾപ്പെടെ പത്തു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വാദമായിരിക്കും ഇന്നു നടക്കുക. കേസ്, ദുരഭിമാനക്കൊലയുടെ പരിധിയിൽ വന്നതോടെ വിധി ആറു മാസത്തിനുള്ളിൽ ഉണ്ടാകും. കേരളത്തിൽ ആദ്യമായാണ് ഒരു കേസ് “ദുരഭിമാനക്കൊല’യായി സ്വീകരിച്ച് വിചാരണ ആരംഭിക്കുന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരമായിരിക്കും കേസിലെ തുടര്‍ വിചാരണ.

നരഹത്യ, തട്ടിക്കൊണ്ട് പോവല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘംചേര്‍ന്നുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 87 ദിവസം കൊണ്ടാണ് അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചത്.

കെവിനെ കാണാതായതായി ഭാര്യ നീനു നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ വൈകിപ്പിച്ച ഗാന്ധിനഗര്‍ എ.എസ്.ഐ. എം എസ് ഷിബു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു. നീനു ഇപ്പോള്‍ കെവിന്റെ കുടുംബത്തോടൊപ്പമാണ് താമസം. കേസിലെ മുഴുവന്‍ പ്രതികളെയും ഇന്നു കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *