ന്യൂഡല്‍ഹി:
ലോകസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനൊരുങ്ങി ബി.ജെ.പി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ നേരത്തെ പരീക്ഷിച്ച ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. വോട്ടര്‍ പട്ടികയിലെ ഒരു പേജിന്‍റെ ചുമതല ഒരു പ്രവര്‍ത്തകനു നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന പദ്ധതിയാണിത്.
പേജ് പ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തും. ആദ്യം സന്ദര്‍ശനത്തിനെത്തുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ഈ മാസം 14 ന് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്ന് പാര്‍ട്ടി വക്താവ് എം.എസ്. കുമാര്‍ അറിയിച്ചു.
22 നു സംസ്ഥാനത്തെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 28 നു ബൂത്തുതല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്നും കുമാര്‍ പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ മുഖ്യ പ്രചരണായുധം ശബരിമലയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി പന്ത്രണ്ടിനു ശബരിമല നടതുറന്നു.
തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി കടുത്ത ഹിന്ദുത്വവാദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ ആദിത്യനാഥ് കേരളത്തിൽ എത്തും. തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന യോഗിയിലൂടെ ഹിന്ദു വികാരം ആളിക്കത്തിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.