Sun. Jan 19th, 2025
കോഴിക്കോട്:

വനിതകളിലെ കാന്‍സര്‍ കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കുന്ന ‘ജീവനം- ജീവിതത്തിലേക്കൊരു പാത’ പദ്ധതിയുടെ നാലാം ഘട്ടത്തിനു കോഴിക്കോട് തുടക്കം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ നേരത്തെ തിരിച്ചറിഞ്ഞ് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

2011-12 വര്‍ഷത്തിലാണ് അതിജീവനം പദ്ധതിക്കു തുടക്കമിടുന്നത്. ഒന്നാം ഘട്ടത്തില്‍ 5000 പേരെ ഉള്‍പ്പെടുത്തി മെഗാ ഫില്‍റ്റര്‍ ക്യാംപ് നടത്തി 64 പേര്‍ക്കു തുടര്‍ ചികിത്സ ലഭ്യമാക്കി. ഇതില്‍ 10 പേര്‍ക്കു തിരുവനന്തപുരം ആര്‍.സി.സിയില്‍ വിദഗ്ദ്ധ ചികിത്സയും നല്‍കി. രണ്ടാംഘട്ടത്തില്‍ 36 പേര്‍ക്കു ചികിത്സയും 8 പേര്‍ക്കു വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കി. തീരദേശ മേഖലകളിലാണ് രണ്ടാംഘട്ടം കേന്ദ്രീകരിച്ചത്. മൂന്നാംഘട്ടത്തില്‍ 42 പേര്‍ക്കു തുടര്‍ചികിത്സയും 28 പേര്‍ക്കു വിദഗ്ദ്ധ ചികിത്സയും 6 പേര്‍ക്കു ശസ്ത്രക്രിയയും നടത്തി.

രോഗികള്‍ക്കുള്ള മരുന്നു സൗജന്യമായി നല്‍കുന്ന ജീവനം ഡ്രഗ് ബാങ്കും പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം നഗരത്തിലെ ചേരിപ്രദേശങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കുമാണ് പ്രാമുഖ്യം. നഗരത്തിലെ ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായി സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.

ജീവനം പദ്ധതിയുടെ നാലാം ഘട്ടത്തിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വനിതാ വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് നാലാംഘട്ടം നടപ്പാക്കുന്നത്.

കോഴിക്കോട്ടെ മാതൃകയില്‍ കണ്ണൂര്‍ കോര്‍പ്പറേഷനും 5 നഗരസഭകളും 19 പഞ്ചായത്തുകളും ജീവനം പദ്ധതി നടപ്പാക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത രാജന്‍ അധ്യക്ഷയായിരുന്നു. പദ്ധതിയുടെ ബ്രോഷര്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ് പ്രകാശനം ചെയ്തു.

കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ്‌കുമാര്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ബാബുരാജ്, എം.രാധാകൃഷ്ണന്‍, ആശ ശശാങ്കന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, പി. കിഷന്‍ചന്ദ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ, ഐ.എം.എ വനിതാ വിംഗ് പ്രസിഡന്റ് ഡോ. പി.എന്‍.മിനി, സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ്, കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ എം.വി. റംസി ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *