Sat. Dec 28th, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി എന്നതു കോൺഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കു മാത്രം സംവരണം ചെയ്തതാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഒരു സാധാരണ പാർട്ടി പ്രവർത്തകന് അത് ഒരിക്കലും നേടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സഹോദരൻ കല്യാണം കഴിക്കാഞ്ഞതിനാൽ ഇതാ ഇപ്പോൾ സഹോദരി കളത്തിലിറങ്ങിയിരിക്കുകയാണ്.” രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ചാണ് ഷാ പറഞ്ഞത്.

എന്നാൽ ബി.ജെ.പി പോലൊരു പാർട്ടിയിൽ സാധാരണ ബൂത്ത് തലത്തിലുള്ള ഒരു പ്രവർത്തകനു പോലും ഉയർന്നു വരാൻ അവസരങ്ങൾ ഉണ്ടെന്നും, വെറും ചായക്കടക്കാരൻ ആയിരുന്നയാൾ വളർന്നു പ്രധാനമന്ത്രി വരെ ആവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

“ഞാൻ വെറുമൊരു ബൂത്ത് തലത്തിലുള്ള പ്രവർത്തകൻ ആയിരുന്നു. ഞാൻ വളർന്നു ദേശീയ പ്രസിഡന്റ് ആയി മാറി. ചായക്കടക്കാരനായി ജീവിതം തുടങ്ങിയ ആളാണ് ഇന്ന് ഇന്ത്യയിലെ ഭരണചക്രം തിരിക്കുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകന് ഒരു പ്രധാനമന്ത്രി ആവുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുമോ? ബി.ജെ.പി പ്രവർത്തകന് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിന് “പ്രത്യേക കുടുംബങ്ങളിൽ” ജനിക്കേണ്ടതില്ലെന്നും” അമിത് ഷാ പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ മാസം പ്രിയങ്ക ഗാന്ധിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയി നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *