Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണം എന്ന് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി. മൂന്നുമാസത്തിനകം തീരുമാനം എടുക്കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തിന്മേല്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. കോടതി നല്‍കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ത്തന്നെ റിപ്പോര്‍ട്ടു സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നും, മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും ബി ജെ പി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഉള്ള നിര്‍വചനവും സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇപ്പോഴത്തെ സംവരണം ദേശീയാടിസ്ഥാനത്തില്‍ ആയതു കൊണ്ട് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് ഇതു ലഭിക്കാതെ വരുന്നുണ്ടെന്നും ആണ് ഇദ്ദേഹത്തിന്റെ വാദം.

ഈ വാദം പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളെ പുനര്‍ നിര്‍വചിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. ഈ എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. ഇതു കണക്കിലെടുത്ത് എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് സംവരണവും മറ്റും നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിക്കാത്ത വിഷയമാണിതെന്നാണ് ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *