അബഹ:
സൗദിയിൽ പോളിക്ലിനിക്കിൽ നഴ്‌സായ യുവതിക്ക് പ്രസവാവധി നൽകാതെ മലയാളി മാനേജ്‌മെന്റിന്റെ ക്രൂരത. സൗദിയിലെ കമ്മീസ് മുഷൈത്തിൽ നിന്നും 150 കിലോമീറ്റർ അകലെ ഹലീബിലുള്ള ഷിഫ അല്‍ ജനുബ് പോളിക്ലിനിക്കിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശിനി ടിന്റു സ്റ്റീഫനാണ് തന്‍റെ കന്നി പ്രസവത്തിനിടയിൽ ഈ ദുരനുഭവം അന്യനാട്ടിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. ടിന്റു പ്രസവത്തിനു വേണ്ടി രണ്ടു മാസത്തെ അവധിക്കു അപേക്ഷിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.
പകരം പുതുതായി സ്റ്റാഫ് ഇന്ത്യയിൽ നിന്നും വന്നാൽ ലീവ് അനുവദിക്കാമെന്ന് ഉറപ്പു നൽകിയിരുന്ന മാനേജ്‌മെന്റ് പുതിയ സ്റ്റാഫ് വന്നിട്ടും അവർക്കു സൗദി ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞു അവധി നിഷേധിക്കുകയാണ് ഉണ്ടായത്. മലയാളി സാമൂഹിക പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെട്ട് ലൈസൻസുള്ള ഒരു നഴ്‌സിനെ സംഘടിപ്പിച്ചു കൊടുത്തെങ്കിലും ഇനി അവധിയെക്കുറിച്ച് മറന്നേക്കൂ എന്നായി മാനേജ്‌മെന്റിന്റെ പ്രതികരണം.
അവധി സംബന്ധിച്ച തർക്കത്തിനൊടുവിൽ സ്വദേശി സ്‌പോൺസറെ മുന്നിൽ നിർത്തി മലയാളി മാനേജ്‌മെന്റ് ടിന്റുവിനെ ഹുറൂബ് ആക്കി (സ്പോൺസറിൽ നിന്നും ഒളിച്ചോടി എന്ന കുറ്റം ചാർത്തൽ) പ്രതികാര നടപടി എടുത്തിരിക്കുകയാണ്. ഇതോടെ നിയമക്കുരുക്കിൽ പെട്ട ടിന്റുവിനെ നാട്ടിലയക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തകർക്കെതിരെയും മാനേജ്‌മെന്റ് കള്ളക്കേസ് കൊടുത്തു. എന്നാൽ കേസിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ സൗദി പോലീസ് പിന്നീട് ടിന്റുവിനെയും സാമൂഹികപ്രവർത്തകരെയും വിട്ടയച്ചു.
പോലീസ് സ്റ്റേഷൻ വാസത്തിനു ശേഷം അബഹയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ടിന്റു നാട്ടിൽ പോകാനാകാതെ അവിടെ തന്റെ ആദ്യകുഞ്ഞിനു ജന്മം നൽകി. ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട അബഹ ഗവർണ്ണർ അമീർ തുർക്കി ബിൻ തലാൽ ബി അബ്ദുൽ അസീസ് സഹായം വാഗ്ദാനം ചെയ്ത് പോലീസ്, ജവാസാത്ത്, ലേബർ ഓഫീസ് മേധാവികൾക്ക് ടിന്റുവിന്റെ കാര്യത്തിൽ എടുക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ടിന്റുവിന്‍റെ കുഞ്ഞിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും പുതിയ പാസ്പോർട്ട് ലഭിച്ചു നിയമ നടപടികൾ പൂർത്തിയാക്കിയാലേ നാട്ടിലേക്ക് വരാൻ കഴിയൂ. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ടിന്റുവിനെയും കുഞ്ഞിനേയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി സാമൂഹികപ്രവർത്തകർ.