Wed. Jan 22nd, 2025

ന്യൂഡൽഹി:

മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഒൻപതാമത് വാർഷിക ഇന്ത്യൻ കോൺഫറൻസിൽ ബി. ജെ. പി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിൽ അധ്യാപകർ പ്രതിഷേധിച്ചു. സ്വാമിയുടെ മതേതര ന്യൂനപക്ഷത്തെക്കുറിച്ചുള്ള വർഗീയത കലർന്ന പരാമർശങ്ങളും, ബൈപോളാറായ ആളുകളെ സംബന്ധിച്ചുള്ള പരാമർശങ്ങളുമാണ് പ്രതിഷേധത്തിന് കാരണമെന്ന് അവർ ഓൺലൈൻ പെറ്റീഷനിലൂടെ സൂചിപ്പിച്ചു.

ഫെബ്രുവരി 16 നു നടക്കേണ്ടുന്ന പരിപാടിയിലെ 18 പ്രഭാഷകരിൽ ഒരാളാണ് സ്വാമി.
എം ഐ ടി യിലെ ഫാക്കൽറ്റികളായ അഭിജിത് ബാനർജി, അരിന്തം ദത്ത, ബാലകൃഷ്ണൻ രാജഗോപാൽ, മൃഗാംക സുർ, റൂത്ത് പെറി, സാലി ഹസ്‌ലാംഗർ, എലിസബത്ത് എ വുഡ്, ഹെലൻ ഇ ലീ, ആഭാ സുർ തുടങ്ങിയവർ ഒപ്പിട്ട ഹർജിയിൽ സ്വാമിയുടെ പല പ്രസ്താവനകളും സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നാണ് പറയുന്നത്.

Change. org യിൽ തയ്യാറാക്കിയ ഹർജിയിൽ ശനിയാഴ്ച വരെ 1301 ആളുകളാണ് ഒപ്പുവച്ചത്.
മുസ്ലീങ്ങൾ പൂർവ കാലത്തു ഹിന്ദു മതത്തിന്റെ ഭാഗമായിരുന്നെന്നും, അതു സമ്മതിച്ചു തരാത്ത ആളുകളുടെ
വോട്ടവകാശം നിഷേധിക്കുമെന്നും, ഇസ്ലാമിക ഭീകരത തടയാൻ മുസ്ലീം ആരാധനാലയങ്ങൾ തച്ചുടയ്ക്കണമെന്നും ഇദ്ദേഹം പലപ്പോഴായി എഴുതിയിരുന്നു. കൂടാതെ സ്വവർഗ ലൈംഗികത പ്രകൃതിപരമല്ലെന്നും, അത് ഹിന്ദുത്വത്തിനു എതിരാണെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയ്ക്ക് ബൈപോളാർ വൈകല്യമാണെന്നും, അതുകാരണം ആളുകളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഇത്തരം രോഗങ്ങളുള്ളവർ നേതൃസ്ഥാനത്തിനു യോഗ്യരല്ലെന്നും സ്വാമി പറഞ്ഞിരുന്നു.

ഹർജിയ്ക്കു ലഭിച്ച വൻ പിന്തുണ ഇൻസ്റ്റിറ്റ്യൂഷൻ എടുത്ത തീരുമാനം പുനഃപരിശോധിക്കാൻ ധാരണയായി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും, പരസ്പര വിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ആവിഷ്ക്കാരങ്ങൾക്കു വിലക്കു കല്പിക്കുകയും ചെയ്യുന്ന, എം ഐ ടി യുടെ അടിസ്ഥാനതത്വങ്ങൾക്ക് അത് എതിരാണെന്നും, ഹർജിയിൽ പറയുന്നുണ്ട്.

2011 ൽ ഹാർവാർഡ് സർവകലാശാല ആർട്‌സ് ആൻഡ് സയൻസ് വിഭാഗം, സ്വാമിയെ അവിടെ അധ്യാപകനാവാൻ അനുവദിച്ചില്ല. “മത ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയത കലർത്തി സംസാരിക്കുന്നവരെ കൂടെ നിർത്തുക എന്നത് യൂണിവേഴ്‌സിറ്റിയുടെ ധാർമ്മികതയ്ക്ക് എതിരാണ്” എന്ന് ഹാർവാർഡ് സർവകലാശാല കംപാരറ്റീവ് റിലിജിയൻ വിഭാഗത്തിലെ പ്രൊഫസർ ഡയാന ഏക് പറഞ്ഞതും ഹർജിക്കാർ എടുത്തുപറഞ്ഞിട്ടുണ്ട്.

സുബ്രഹ്മണ്യൻ സ്വാമി കടുത്ത വംശീയ വാദിയും ഹോമോഫോബിക്കും സ്ത്രീവിരുദ്ധനും മതഭ്രാന്തനും, ഇസ്ലാമോഫോബിക്കുമാണെന്ന് സൗത്ത് ഏഷ്യൻ ഹിസ്റ്ററി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഔഡറേ ട്രൂസ്കെ ആരോപിച്ചു.

ഇത്രയുമായിട്ടും സ്വാമിയുടെ ക്ഷണം എം എൻ ടി പിൻവലിക്കാത്തത് ദൗർഭാഗ്യകരമായിരുന്നുവെന്നും അന്താരാഷ്ട്ര തലത്തിലുള്ള അവബോധത്തിന്റെ അഭാവമാണ് ഇതിന്റെ കാരണമെന്നും എന്തുകൊണ്ട് അത്തരമൊരു വ്യക്തിയെ ക്ഷണിച്ചു എന്ന ചോദ്യത്തിനു വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റു ഭാരവാഹികൾക്കും ഉത്തരം നൽകാനുള്ള ബാധ്യതയും സ്ഥാപനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *