ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം അവിശ്വസനീയമായി തിരിച്ചു വന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തി. സ്‌കോര്‍: 12-15, 10-15, 15-11, 15-13, 15-10.
ആവേശം അവസാന സെറ്റുവരെ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് കൊച്ചി വിജയം വെട്ടിപ്പിടിച്ചത്. പ്രഭാകരനും (12 പോയിന്റ്) പ്രവീൺ കുമാറും (11 പോയിന്റ് ) ആയിരുന്നു സ്‌പൈക്കേഴ്‌സ് നിരയിൽ ആക്രമിച്ചു കളിച്ചത്. കൊച്ചിയുടെ വിദേശ താരം ആന്ദ്രെ പതുക്കാണ് കളിയിലെ താരം. 20 പോയന്റ് നേടിയ റൂഡിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
കാലിക്കറ്റ് ഹീറോസിനോട് അഞ്ചു സെറ്റും നഷ്ടപ്പെട്ടു നാണം കേട്ട തോൽവി ഏറ്റു വാങ്ങേണ്ടി വന്ന സ്‌പൈക്കേഴ്‌സിന് ഈ വിജയം പ്ലേ ഓഫ് മത്സരത്തിന് ഒരുങ്ങാൻ ആത്മവിശ്വാസം പകരുന്നതായി. അഞ്ചു കളിയും പൂര്‍ത്തിയാക്കിയ കൊച്ചി ഇനി പ്ലേ ഓഫിന് ചെന്നൈയിലേക്കു പോകും.
കഴിഞ്ഞ ദിവസം ബ്ലാക് ഹോക്സ് ഹൈദരാബാദിനെ തോൽപ്പിച്ചു തുടർച്ചയായ നാലാം വിജയം ആഘോഷിച്ച കാലിക്കറ്റ് ഹീറോസും പ്ലേ ഓഫിൽ എത്തിയിരുന്നു. സ്കോർ 15–11, 15–11, 15–7, 12–15, 11–15
ആദ്യ മൂന്നു സെറ്റ് നേടി വിജയം ഉറപ്പിച്ച കാലിക്കറ്റ് ഹീറോസ് പക്ഷെ, നാലും അഞ്ചു സെറ്റുകളിൽ തളർന്നിരുന്നു. കൊച്ചിക്കെതിരെ നേടിയ അഞ്ചു സെറ്റ് വിജയം ചെമ്പടയ്ക്കു ആവർത്തിക്കാനായില്ല.
കനത്ത സെർവിങ്ങുകൾ തന്നെയായിരുന്നു ഈ മത്സരത്തിലും, കാലിക്കറ്റ് ഹീറോസിന്റെ വജ്രായുധം. സർവിൽ മാത്രമല്ല, സ്മാഷിലും ബ്ലോക്കിലും എതിരാളികളേക്കാൾ ഒരു പിടി മുന്നിലായിരുന്നു ഹീറോസ്. പതിവുപോലെ അജിത് ലാലും പോൽ ലോട്ട് മാനും കാലിക്കറ്റിനു വേണ്ടി കനത്ത സ്മാഷുകളോടെ കളം നിറഞ്ഞു കളിച്ചു. മൂന്നു സെറ്റിൽത്തന്നെ വിജയം ഉറപ്പിച്ച ഹീറോസ് നാലും അഞ്ചും സെറ്റുകളിൽ പോരാട്ട വീര്യം കാണിക്കാതിരുന്നതിനാൽ അവസാന രണ്ടു സെറ്റുകൾ കൈവിട്ടു പോയി.
അവസാന സെറ്റുകളിൽ മിന്നുന്ന പ്രകടനത്തോടെട ഹൈദരാബാദ് ലിബെറോ കമലേഷ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ ജയത്തോടെ ഹീറോസ് 4 കളിയിൽ 9 പോയിന്റുമായി പ്ലേ ഓഫിലെത്തിയ ആദ്യ ടീമായി.