#ദിനസരികള് 666
വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ മന്ത്രി സഭയില്‍ അംഗവുമായിരുന്ന, ജയലക്ഷ്മിയുടെ കാലത്തു ആദിവാസി കോളനികളില്‍ നടന്ന ചില വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ നമുക്കതു വ്യക്തമാകും. ആദിവാസികളുടെ കടങ്ങള്‍ എഴുതിത്തള്ളാനായി അനുവദിക്കപ്പെട്ട ഒന്നരക്കോടിയലധികം രൂപ സ്വന്തം കുടുംബത്തിലുള്ളവര്‍ക്കും, തനിക്കു പ്രിയപ്പെട്ടവര്‍ക്കും വീതം വെച്ചുകൊടുത്തുകൊണ്ട് വയനാട്ടിലെ മുഴുവന്‍ ആദിവാസികളേയും മന്ത്രി പറ്റിച്ചത് വലിയ വിവാദമായിരുന്നു.
“ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014 ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം 2010 വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് വരെയുള്ള കടങ്ങള്‍ക്കാക്കി പദ്ധതി പ്രഖ്യാപിച്ചു. പരിധി ഒരുലക്ഷമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു.” ഇങ്ങനെ വകയിരുത്തിയ തുകയാണ് ജയലക്ഷ്മിയും കൂട്ടരും അടിച്ചുമാറ്റിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മറ്റൊന്ന് സ്വന്തമായി ഭൂമിയില്ലാത്ത, കേറിക്കിടക്കാനൊരു കൂരയില്ലാത്ത, മറ്റൊരു വികസന പ്രവര്‍ത്തനങ്ങളും എത്തി നോക്കിയിട്ടില്ലാത്ത ആദിവാസി കോളനികളിലേക്ക് ടൈല്‍ പതിച്ച റോഡും, മുറ്റവും, യൂറോപ്യന്‍ ക്ലോസറ്റുമൊക്കെ ഉണ്ടാക്കിക്കൊടുത്തതാണ്. ഹാംലറ്റ് ഡവലപ്‌മെന്റ് പദ്ധതിയെന്ന് ഓമനപ്പേരിട്ടു വിളിച്ച ഈ പദ്ധതിക്കു കീഴില്‍ നടന്ന തട്ടിപ്പുകള്‍ എത്ര സമര്‍ത്ഥമായാണ് ആദിവാസികളെ മുന്നില്‍ നിറുത്തി അധികാരികള്‍ ചെയ്തതെന്നതിന് ഉദാഹരണമാണ്.
ആദിവാസികളെ മുന്നില്‍ നിറുത്തി ഇങ്ങനെ തട്ടിപ്പു നടത്തിയാല്‍ ചോദ്യം ചെയ്യാന്‍ അക്കൂട്ടര്‍ ഒരു പരിധിവരെ മുന്നോട്ടു വരില്ലെന്ന് അധികാരികള്‍ക്കറിയാം. അതുകൊണ്ടുതന്നെ ആദിവാസികള്‍ക്ക് അനുവദിക്കപ്പെടുന്ന കോടിക്കണക്കിനു രൂപ ഇങ്ങനെ ഉദ്യോഗസ്ഥന്മാരുടേയും ജനപ്രതിനിധികളുടേയും കീശകളിലേക്ക് ഒഴുകുന്നുവെന്നതൊരു വസ്തുതയാണ്.
സര്‍ക്കാര്‍ ഫണ്ടുകള്‍ കട്ടെടുത്തുകൊണ്ട് ആദിവാസികളെ പറ്റിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ് മേല്‍പറഞ്ഞതെങ്കില്‍, മറ്റൊരു തരക്കാരുണ്ട്. കുറച്ചു സമ്പത്തും മറ്റും ഏതുവിധേനയും കൈകളിലേക്കെത്തിച്ചേര്‍ന്നാല്‍പ്പിന്നെ സാധുസംരക്ഷണ വ്യഗ്രതയും പരോപകാരപ്രവണതയുമൊക്കെയായി സമൂഹത്തില്‍ നിറഞ്ഞു നില്ക്കാനാഗ്രഹിക്കുന്ന വേദനിക്കുന്ന ചില കോടീശ്വരന്മാര്‍. അവര്‍ പാവപ്പെട്ടവര്‍ക്ക്, പ്രധാനമായും ആദിവാസികള്‍ക്ക്, മാദ്ധ്യമങ്ങളുടേയും മറ്റും സാന്നിധ്യത്തില്‍ വലിയ വലിയ വാഗ്ദാനങ്ങള്‍ നല്കും.
പാവങ്ങളെ സഹായിക്കുന്നവന്‍ എന്ന പേരെടുക്കുക എന്നതുമാത്രമാണ് ഉദ്ദേശം. പിന്നീട് കുറെച്ചെന്തെങ്കിലും കാട്ടിക്കൂട്ടി വാഗ്ദാനം നടപ്പിലാക്കിയതായി വരുത്തും. എന്തെങ്കിലും കിട്ടുന്നവര്‍ അത്രയെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ കൂടുതലൊന്നും പറയാന്‍ മുന്നിട്ടിറങ്ങില്ല. കിട്ടാത്തവരാകട്ടെ അയാളുടെ സ്വന്തം സ്വത്താണല്ലോ എന്നാശ്വസിച്ച് മിണ്ടാതിരിക്കും. അപ്പോഴേക്കും മുതലാളി എന്താണോ ഉദ്ദേശിച്ചത് അതു നേടിയെടുത്തിട്ടുണ്ടാകും. ചാരിറ്റിയെ സമര്‍ത്ഥമായി സ്വന്തം നേട്ടത്തിനുപയോഗിക്കുന്ന ഇത്തരം ആളുകളെ എത്ര വേണമെങ്കിലും നമുക്ക് ചൂണ്ടിക്കാണിക്കാനാകും.
നമ്മുടെ സ്വന്തം നടി മഞ്ജു വാര്യരാണ് അവസാനത്തെ ഉദാഹരണമായി മുന്നിലുള്ളത്. “വയനാട് പനമരം പരക്കുനി കോളനിയിലെ 57 കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചുതരാമെന്ന് രേഖാമൂലം നൽകിയ വാഗ്ദാനം മഞ്ജുവാര്യർ ഫൗണ്ടേഷൻ പാലിച്ചില്ലെന്ന് പരാതി. വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച‌് തൃശൂരിലെ മഞ‌്ജുവിന്റെ വീടിന‌് മുന്നിൽ 20 ന് കുടിൽകെട്ടി സമരം ആരംഭിക്കുമെന്ന് കോളനിവാസികളായ ഇന്ദിര വെള്ളൻ, പി മണി, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2017 ലാണ് മഞ്ജുവാര്യർ ഫൌണ്ടേഷൻ പരക്കുനി പണിയ കോളനിയിൽ 57 വീടുകൾ നിർമ്മിക്കാമെന്ന് വാഗ‌്ദാനം നൽകിയത്. തുടർന്ന് ജനുവരി 20 ന് പട്ടികജാതി–-വർഗക്ഷേമ മന്ത്രി, കലക്ടർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് രേഖാമൂലം ഉറപ്പ‌് നൽകി. 1.88 കോടി രൂപ ഇതിനായി നീക്കിവയ‌്ക്കുമെന്നായിരുന്നു അറിയിച്ചത്. രേഖകളും പ്ലാനും സ‌്കെച്ചും ഉൾപ്പെടെ പഞ്ചായത്ത‌് അധികൃതർ ഫൗണ്ടേഷന് കൈമാറി. തുടർന്ന് നിർമ്മാണത്തിന് സർക്കാർ അനുമതി നൽകി. എന്നാൽ പിന്നീട് ഇതേക്കുറിച്ച് ഒരു അറിയിപ്പും ഉണ്ടായില്ല.
പ്രളയത്തിനു ശേഷം നിരവധി സന്നദ്ധ സംഘടനകൾ പലർക്കും വീടു നിർമ്മിച്ചു നൽകുന്നുണ്ട്. “പരക്കുനി കോളനിയിൽ ഫൌണ്ടേഷന്റെ വാഗ്ദാനമുള്ളതുകൊണ്ട് സഹായങ്ങളെല്ലാം മറ്റിടങ്ങളിലേക്ക‌് പോയി. ഈ വിഷയം ലീഗൽ സർവീസ് അതോറിറ്റിയുടെ മുന്നിൽ കൊണ്ടുവന്നിരുന്നു. തുടർന്ന‌് ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ സബ് ജഡ്‌ജി കോളനി സന്ദർശിച്ചു. വാഗ്ദാനം പാലിക്കാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു.” എന്നാണ് ഈ സംഭവം ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇനിയെങ്കിലും പരമകാരുണികരും മനുഷ്യസ്നേഹികളുമൊക്കെയാണ് നിങ്ങളെന്ന് സ്ഥാപിച്ചെടുക്കാനുള്ള കരുക്കള്‍ മാത്രമായി, പാവപ്പെട്ട മനുഷ്യജീവിതങ്ങളെ കണക്കാക്കരുതെന്നും, അതുകൊണ്ടുതന്നെ ശ്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്.
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.