Mon. Dec 23rd, 2024
ഹൈദരാബാദ്:

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ആന്ധ്രാപ്രദേശിലെ ജനങ്ങളും. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് ഹൈവേകളില്‍ മോദിക്കെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോദിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന പ്രതികരണവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

കേന്ദ്രത്തിന്റെ അവഗണനയില്‍ ഓരോ ആന്ധ്രക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും ദിനകര്‍ ലങ്ക പറഞ്ഞു. അതേസമയം ബോര്‍ഡുകള്‍ സ്ഥാപിച്ചത് ടി.ഡി.പിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്കെതിരായ ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും ഇതു സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു.

മോദിക്കെതിരെ നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് മോദി വിളികളും കരിങ്കൊടി പ്രതിഷേധവും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസാമിലെ ജനങ്ങള്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്.

എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ ‘നരേന്ദ്ര മോദി ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും സാമുഹികമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ചെന്നൈയിലും മോദിക്കുനേരെ സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കു സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്കു പറത്തിക്കൊണ്ടാണ് ചെന്നൈയില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്.

നേരത്തെ മോദി ലണ്ടനില്‍ സന്ദര്‍ശനത്തിന് എത്തിയ സമയത്തും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും ഗോ ബാക്ക് വിളികളും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *