നാഗ്‌പൂർ:
2003 മുംബൈ ഇരട്ടസ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ അന്ത്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് നാഗ്‌പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മാർട്ടം നടത്തിയ ശേഷം ഇന്നു തന്നെ മൃതദേഹം വിട്ടു നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് പൂജ ഭോസ്ലേ അറിയിച്ചു.
ഹനീഫ് സയ്‌ദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ ഹനീഫ് സയ്‌ദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സയ്‌ദ്, ഭാര്യ ഫെഹ്മിദ സയ്‌ദ്, അനീസ് അഷ്‌റത് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് സ്ഫോടനങ്ങള്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് .