തിരുവനന്തപുരം:
കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും. നാടന്‍ ഉത്പന്നങ്ങള്‍ക്ക് ലോകോത്തര വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാര്‍ (www.kudumbashreebazaar.com) എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെബ്‌സൈറ്റ് ആരംഭിച്ചെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല. ഇതോടെയാണ് ആമസോണുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. 27 ന് ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കരാര്‍ ഒപ്പിടും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണ്‍ സഹേലി വിഭാഗത്തിലാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭിക്കുന്നത്.
കുടുംബശ്രീ ബസാറിലുള്ള 525 ഉത്പന്നങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കരകൗശല വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ടോയ്‌ലറ്റ് ക്ലീനര്‍, ആയുര്‍വേദ ഉത്പന്നം തുടങ്ങി 110 എണ്ണമാണ് ലഭ്യമാക്കുക. ഭക്ഷ്യവസ്തുക്കള്‍ ലഭിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം മുമ്പ് 69 ഉത്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാക്കിയിരുന്നു. ഇതിനിടെ അഞ്ച് ഓര്‍ഡറുകളും ലഭിച്ചു. ഹിമാചല്‍പ്രദേശില്‍ നിന്നായിരുന്നു ആദ്യ ഓര്‍ഡര്‍. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ കസ്റ്റമര്‍ കെയര്‍ സെന്ററുമുണ്ട്.