പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെ ഏകപക്ഷീയമായ അഞ്ചു സെറ്റുകൾക്ക് തകർത്തുവിട്ടു. സ്‌കോര്‍: 15-11, 15-9, 15-14, 15-13, 15-10. ഈ ടൂർണ്ണമെന്റിൽ ഇതാദ്യമായാണ് ഒരു ടീം അഞ്ചു സെറ്റും നേടുന്നത്. ഇതോടെ ബോണസ് അടക്കം മൂന്നു പോയന്റ് ലഭിച്ച കാലിക്കറ്റ് ഹീറോസ് ഏഴു പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായി. 4 കളിയിൽ 3 ജയമുള്ള ബ്ലൂ സ്പൈക്കേഴ്സാണു 2–ാം സ്ഥാനത്ത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച കാലിക്കറ്റിനെതിരെ കൊച്ചിയുടെ പ്രകടനം നിറം മങ്ങിയതായിരുന്നു. പവർ സർവുകൾ ആയിരുന്നു കാലിക്കറ്റ് ഹീറോസിന്റെ തുറുപ്പു ചീട്ട്. കൊച്ചിയാകട്ടെ സർവുകളിൽ ധാരാളം പിഴവുകൾ വരുത്തി. കാലിക്കറ്റ് നായകൻ ജെറോം വിനീത് കിടിലൻ സർവുകളും സ്മാഷുകളുമായി കളം നിറഞ്ഞു കളിച്ചു.
പവർ സർവ്വുകൾക്കു മുന്നിൽ പകച്ചു പോയ കൊച്ചിയുടെ പുതുമുഖ ലിബറോ ഹരിപ്രസാദിന് മിക്ക സെര്‍വുകളും വരുതിയിലാക്കി നല്ല പാസ്സിങ്ങുകൾ നൽകാനായില്ല. മികച്ച പാസ് ലഭിക്കാതെ നായകനായ ഉഗ്രപാണ്ഡ്യൻ എന്ന സെറ്റർക്കു കൊച്ചി ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്നാം സെറ്റിൽ മാത്രമാണ് കൊച്ചി കുറെയെങ്കിലും ആക്രമണവീര്യം പുറത്തെടുത്തത്.
കാലിക്കറ്റിനു വേണ്ടി ജെറോം വിനീതാണ് ടോപ് സ്‌കോറര്‍ (16). കാര്‍ത്തിക്ക്(13), അജിത് ലാൽ (10) എന്നിവരും തിളങ്ങി. അമേരിക്കൻ സൂപ്പർ താരം പോള്‍ ലോട്ട്മാന്‍ ആണ് മാൻ ഓഫ് ദി മാച്ച്.
ഇന്ന് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരാബാദിനെ നേരിടാൻ കാലിക്കറ്റ് ഹീറോസ് വീണ്ടും കളത്തിലിറങ്ങുന്നു.