Wed. Jan 22nd, 2025
#ദിനസരികള് 664

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മതവസ്ത്രമായ നിക്കാബ് ധരിച്ചു കൊണ്ട് പൊതുവേദിയില്‍ എത്തിയതിനെതിരെ പുരോഗമന പക്ഷത്തു നില്ക്കുന്നവര്‍ ഹാലിളകിയെന്നാക്ഷേപിച്ചുകൊണ്ട് ടി വി അവതാരകയായ ഷാനി പ്രഭാകര്‍ വിസ്മയം കൊള്ളുന്നത് കാണാനിടയായി. ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍‌ വരുന്നതാണെന്നും, വ്യക്തിയുടെ മാത്രം നിശ്ചയങ്ങളില്‍‌പ്പെടുന്ന ഇത്തരം അവകാശങ്ങള്‍‌ക്കെതിരെ വാളെടുക്കുന്ന പുരോഗമനക്കാരും മതതീവ്രവാദികളും തമ്മില്‍ വ്യത്യാസമെന്ത് എന്നുമാണ് ഷാനിയുടെ ചോദ്യം. അതുകൊണ്ട് ഷാനിയുടെ വാദങ്ങളാണ് ശരിയെന്നും ഏതു തരത്തിലുള്ള വസ്ത്രം ധരിക്കാനും വ്യക്തികള്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ടെന്നും ഭരണഘടനയിലൂന്നി നില്ക്കുന്ന ജനാധിപത്യം നല്കുന്ന ഉറപ്പുകളിലൊന്ന് അത്തരം സ്വാതന്ത്ര്യമാണെന്നും ചിന്തിച്ചു പോകുന്നവരുണ്ട്.

തന്റെ മകളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് എ ആ ര്‍ റഹ്മാന്‍ പറയുന്നത് ഏതു വസ്ത്രം ധരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തില്‍ താനിടപെടാറില്ല എന്നാണ്. എന്നു മാത്രവുമല്ല, തന്റെ കുടുംബാംഗങ്ങള്‍ ഓരോരുത്തരും തന്നെ ഓരോ രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും അതൊന്നും നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തെളിവിനായി നിക്കാബും ഹിജാബുമൊക്കെ ധരിച്ചും ധരിക്കാതെയും തന്റെ കുടുംബാംഗങ്ങള്‍ നില്ക്കുന്നതിന്റെ ചിത്രം അദ്ദേഹം ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

രണ്ടു വിഭാഗങ്ങളുടേയും വാദഗതികളെ നാം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവിശ്വാസങ്ങളെ ആചരിക്കാന്‍ അനുവദിക്കേണ്ടത് ജനാധിപത്യ മര്യാദയാണ് എന്ന വാദത്തോടു ചേര്‍ന്നുനിന്ന് കയ്യടിക്കാന്‍ സ്വാഭാവികമായും ആളുകള്‍ കൂടുതലായിരിക്കും, മതപരത ഏറ്റവും തീവ്രമായി നിലനില്ക്കുന്ന നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും. മാത്രവുമല്ല അത്തരം വിശ്വാസങ്ങള്‍‌ക്കെതിരെയുള്ള ഏതെങ്കിലും പ്രതികരണങ്ങള്‍ ഭരണഘടന അനുവദിക്കുന്ന അവകാശത്തിന്റെ ലംഘനമായും കണക്കാക്കപ്പെടുന്നു.

മതസ്വാതന്ത്ര്യത്തിനെതിരെ നിലകൊള്ളുന്നു എന്ന ആരോപണം വിശ്വാസികളുടെ ഭാഗത്തുനിന്നും ഏറെ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് എല്ലാ തരത്തിലുമുള്ള മത വിശ്വാസങ്ങളും സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ് എന്നു ചിന്തിക്കുന്നവരുടെ എണ്ണം പുരോഗമന പക്ഷത്തു നില്ക്കുന്നവരുടെയിടയിലും ‘ക്രമാതീതമായി’ വര്‍ദ്ധിച്ചിരിക്കുന്നു. ശബരിമല വിഷയത്തില്‍ അത്തരക്കാരെ നാം ധാരാളം അഭിമൂഖീകരിച്ചതാണ്.

കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങളിലെന്തിനാണ് ഇടപെട്ടുകൊണ്ട് വെറുതെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അതു തുടരാന്‍ അനുവദിക്കേണ്ടതുതന്നെയാണെന്നും ഒക്കെയാണ് അത്തരം പുരോഗമനക്കാരുടെ പക്ഷം. എന്നാല്‍ മതങ്ങളും വിശ്വാസങ്ങളും സമൂഹത്തില്‍ നിലനില്ക്കുന്ന ഒന്നാണെന്നും അവയുടെ സ്വാധീന ശക്തി അത്ര പെട്ടെന്ന് വിശ്വാസരാഹിത്യത്തിന് വഴങ്ങിത്തരാത്തതാണെന്നും മനസ്സിലാക്കാതെ അന്ധമായി എതിര്‍ക്കുന്ന പ്രവണത പുലര്‍ത്തിപ്പോരുന്ന മറ്റൊരു പക്ഷമുണ്ട്. അന്ധമായ വിശ്വാസംപോലെ തന്നെ വസ്തുതകളെ മനസ്സിലാക്കാതെ ഉന്നയിക്കപ്പെടുന്ന അന്ധമായ യുക്തിവാദവും ആപത്തുതന്നെയാണ്.

രണ്ടറ്റങ്ങളില്‍ നിലകൊള്ളുന്ന പരമാവധികളിലേക്ക് ചെന്നെത്താതെ വസ്തുതകളെ മനസ്സിലാക്കുക എന്നതാണ് പൊതുവേ ഈ വിഷയത്തിലൂണ്ടാകേണ്ടത്.

മതംകൊണ്ടു മുറിവേറ്റ ഒരു ജനതയാണ് നാം. നമ്മുടെ ചരിത്രവും വര്‍ത്തമാനവും മതാത്മകതയില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ കെടുതികള്‍ ആവോളം അനുഭവിച്ചു പോരുന്നുമുണ്ട്. മത സമൂദായങ്ങളെ തമ്മിലടിപ്പിച്ച് വിഭജിച്ചെടുത്തുകൊണ്ട് രാഷ്ട്രീയമായി ഉപയോഗിക്കുകയും അതുവഴി അധികാരിത്തിലേക്കെത്തിപ്പിടിക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയ കക്ഷികളെ നാം നിരന്തരം അഭിമൂഖീകരിക്കുന്നു.

ഇത്തരം രാഷ്ട്രീയമായ അധികാരം കയ്യടക്കുക എന്ന ഉദ്ദേശത്തെ മുന്‍നിറുത്തി മതവര്‍ഗ്ഗീയതയെ ഉപയോഗിക്കുന്നവരുടെ കൈകളിലെ പാവ മാത്രമായി നമ്മുടെ മതങ്ങള്‍ മാറിയിക്കുന്നു. അതുകൊണ്ടു മതത്തിന്റെ ഇടപെടലുകളെ ഭയത്തോടെ വീക്ഷിക്കുന്ന ജനാധിപത്യമനസ്സുകളുമുണ്ട്.

ഇവിടെയാണ് നമ്മുടെ പൊതുവേദികളില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ മതാത്മകതയെ എഴുന്നള്ളിച്ചു നിറുത്തുന്ന വില കുറഞ്ഞ പ്രകടനാത്മകതയെ ചിലര്‍ ചോദ്യം ചെയ്യുന്നതിന്റെ സാംഗത്യമിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യമെന്നത്. മതത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുന്ന രീതിയെ അത്തരക്കാര്‍ എതിര്‍ക്കുന്നു .അത് തെറ്റായ മാതൃകകള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് ആള്‍‌ദൈവങ്ങളുടെ കാല്‍ച്ചുവട്ടില്‍ പോയിരിക്കുന്ന നമ്മുടെ നേതാക്കന്മാരെ നാം വിമര്‍ശിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിക്കാബ് അണിയാനുള്ള അതേ അവകാശത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ഒരല്പകാലത്തിനു ശേഷം സതി അനുഷ്ഠിക്കാന്‍ വേണ്ടിയും ഉയര്‍ന്നു കൂടായ്കയില്ല എന്ന തിരിച്ചറിവാണ് സ്വതന്ത്രമനസ്സുകളെ വെപ്രാളപ്പെടുത്തുന്നത്. വിശ്വാസത്തിന്റെ നിഷ്കളങ്കമായ മുഖമെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ കടന്നു വന്ന് നാശം വിതച്ച ഒരുപാട് അനുഭവങ്ങളെ കണ്ടറിഞ്ഞവരെന്ന നിലയ്ക്ക് ആ വെപ്രാളപ്പെടല്‍ ഒട്ടും അസ്ഥാനത്തല്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തും. എന്നു മാത്രമല്ല, പൊതുവേദികളിലേക്ക് എത്തുന്ന മത ചിഹ്നങ്ങള്‍‌ക്കെതിരെ നാം എക്കാലത്തും നിലപാടു സ്വീകരിക്കുക തന്നെവേണം.

അതുകൊണ്ടു മതചിഹ്നങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നതും, അതിന്റെ വ്യാപനത്തെ നിരുത്സാഹപ്പെടുത്തുന്നതും, പുരോഗമനോന്മുഖമായ മനസ്സുകളുടെ കടമതന്നെയാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. എതെങ്കിലും മതത്തിലും ഉള്‍പ്പെട്ടുനില്ക്കുന്നവരെക്കാള്‍ ഒന്നിലും പെടാത്തവര്‍ക്ക് അതിനുള്ള അര്‍ഹത കൂടുമെന്നു കൂടി സൂചിപ്പിക്കട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *