Mon. Dec 23rd, 2024

ടൊയോട്ടയുടെ ജനപ്രിയ വാഹനം ആയ കാമ്രിയുടെ എട്ടാം പതിപ്പ് ഇന്ത്യയിൽ ഇറങ്ങുന്നു. രാജ്യാന്തര വിപണിയിൽ രണ്ടു വർഷമായുള്ള ഈ മോഡൽ ഇന്ത്യയിൽ ഇപ്പോഴാണ് വരുന്നത്. മുന്‍തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമേ കാറിലുള്ളൂ. ഇപ്പോൾ ഉള്ള മോഡലിൽ നിന്നും ഒട്ടനവധി രൂപ മാറ്റങ്ങളാണ് ഈ പതിപ്പിൽ ടൊയോട്ട ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പൂര്‍ണ്ണ എല്‍ ഇ ഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ. V ആകൃതിയുള്ള ക്രോം ഗ്രില്ലിന് നടുവില്‍ ടൊയോട്ട ലോഗോ. ലോഗോയിലെ നീലത്തീളക്കം കാമ്രി ഹൈബ്രിഡാണെന്ന് ഉറപ്പിക്കും. മേല്‍ക്കൂര പിന്നിലേക്ക് ഒഴുകിയിറങ്ങുന്നു. ഡോര്‍ ഹാന്‍ഡിലുകളിലൂടെ കടന്നുപോകുന്ന ക്യാരക്ടര്‍ ലൈന്‍ കാമ്രിയുടെ ശില്‍പ്പ ചാതുര്യം വെളിപ്പെടുത്തും. പിറകില്‍ ഒരല്‍പ്പം ഉയര്‍ന്നാണ് ബൂട്ട് ലിഡ്.

ടെയില്‍ലാമ്പുകള്‍ക്ക് വീതികുറഞ്ഞു. ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം വരയില്‍ കാമ്രി ബാഡ്ജിംഗും കാണാം. വലതുവശത്തു താഴെയുള്ള ഹൈബ്രിഡ് ലോഗോയും പുതിയ ബമ്പറും ഇടത് മൂലയിലുള്ള ക്രോം എക്‌സ്‌ഹോസ്റ്റും പുത്തന്‍ കാമ്രിയുടെ സവിശേഷതകളാണ്.

ഉള്ളിലെ ഇളംതവിട്ടുനിറം കാറിന്റെ പ്രീമിയം പ്രതീതി ഉയര്‍ത്തും. അതേസമയം ഡാഷ്‌ബോര്‍ഡിനും ഡോറുകള്‍ക്കും കറുപ്പാണ് നിറം.

ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഫംങ്ഷന്‍ ഡിസ്‌പ്ലേ എന്നിവയ്ക്കായെല്ലാം പ്രത്യേക ബട്ടണുകള്‍ പുതിയ സ്റ്റീയറിംഗ് വീലിലുണ്ട്. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎസ് സംവിധാനം മികച്ച ശബ്ദാനുഭവം ഉറപ്പുവരുത്തും. പത്തുവിധത്തില്‍ സീറ്റുകള്‍ ക്രമീകരിക്കാം.

പെട്രോള്‍-ഹൈബ്രിഡ് സംവിധാനമാണ് എട്ടാംതലമുറ ടൊയോട്ട കാമ്രിയില്‍ തുടിക്കുന്നത്. കാറിലുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 175.5 bhp കരുത്തും 221 Nm torque ഉം പരമാവധി കുറിക്കും. 118.3 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കാന്‍ 245V ശേഷിയുള്ള വൈദ്യുത മോട്ടോറിന് കഴിവുണ്ട്. ഹൈബ്രിഡ് പിന്തുണയില്‍ 23.1 കിലോമീറ്റര്‍ മൈലേജാണ് പുതിയ കാമ്രിയിൽ പ്രതീക്ഷിക്കുന്നത്.

ഒമ്പതു എയര്‍ബാഗുകള്‍, എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, ബ്രേക്ക് ഹോള്‍ഡ് ഫംങ്ഷന്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് യാത്ര സുരക്ഷയ്ക്കായി ചെയ്തിട്ടുള്ള സംവിധാനങ്ങൾ.

36.95 ലക്ഷം രൂപ വിലയില്‍ പുത്തന്‍ കാമ്രി വിപണിയില്‍ അണിനിരക്കുന്നു. ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ് സെഡാന്‍ ശ്രേണിയില്‍ കാമ്രിയുടെ പ്രധാന എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *