തൊടുപുഴ:
ദേവികുളം സബ്കളകര്‍ രേണു രാജിനെ പരസ്യമായ അവഹേളിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിട നിര്‍മാണം നിര്‍ത്തി വെക്കാതെ തുടരുന്നതു തടയാനെത്തിയ റവന്യൂ സംഘത്തോട് രേണു രാജിന് ബുദ്ധിയില്ലെന്നു പറയുകയായിരുന്നു എം.എല്‍.എ.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തടയാന്‍ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എല്‍.എ. സബ് കളക്ടര്‍ക്കെതിരെ മോശമായ ഭാഷയില്‍ സംസാരിച്ചത്. ലോക്കല്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇതു പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അപകടം മണത്ത എം.എല്‍.എ. സ്ഥലത്തുനിന്നു മാറി. എന്നാല്‍, വീഡിയോദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചപ്പോള്‍ വിവാദമാകുകയായിരുന്നു.
എം.എല്‍.എ.ക്കെതിരെ സബ് കളക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ കാര്യം അവര്‍ വ്യക്തമാക്കിയിട്ടില്ല. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിടനിര്‍മാണം തുടര്‍ന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ദേവികുളം സബ് കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്ന വാദവുമായി എസ്. രാജേന്ദ്രന്‍ എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പോയി പണിനോക്കാന്‍ പറഞ്ഞെന്നാണ് എം.എല്‍.എ. ആരോപിക്കുന്നത്. എന്നാല്‍, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എല്‍.എ. എന്നുമാത്രമാണ് വിളിച്ചത്. നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞതെന്ന് സബ് കളക്ടര്‍ അറിയിച്ചു.