ഗുവാഹത്തി:
തമിഴ്‌നാടിനു പിന്നാലെ ആസാമിലും മോദിക്ക് നേരെ പ്രതിഷേധം. ഗോ ബാക്ക് മോദി വിളികളും കരിങ്കൊടി പ്രതിഷേധവും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസാമിലെ ജനങ്ങള്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ആസാമിലെ ഗുവാഹത്തിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്കു നേരെയാണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. അസം ജനതയുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ ‘നരേന്ദ്ര മോദി ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും സമൂഹമധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും (കെ.എം.എസ്.എസ്) പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുന്നതാണ് ബില്‍.
1971 ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985 ലെ അസം ആക്‌ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആറു വര്‍ഷം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് പൗരത്വം നല്‍കും.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്. നേരത്തെയും തമിഴ്‌നാട്ടിലെ മധുര എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്‌ടാഗോടെയായിരുന്നു വിവിധ സംഘടനകള്‍ മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചെന്നൈയിലും മോദിക്കുനേരെ സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കു സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്കു പറത്തിക്കൊണ്ടാണ് ചെന്നൈയില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്.
നേരത്തെ മോദി ലണ്ടനില്‍ സന്ദര്‍ശനത്തിന് എത്തിയ സമയത്തും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും ഗോ ബാക്ക് വിളികളും ഉയര്‍ന്നിരുന്നു.