പ്രോ വോളിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.
ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഒപ്പത്തിനൊപ്പം എന്നു വിശേഷിപ്പിക്കാവുന്ന ടീമുകളാണ് കൊച്ചിയും കാലിക്കറ്റും.
ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ്, ഇന്ന് നാട്ടുകാരുമായി ഏറ്റുമുട്ടാൻ കളത്തിലിറങ്ങുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരാബാദിനെ 12–15, 15–11, 15–13, 15–10, 14–15 എന്ന സ്‌കോറിൽ തകർത്തുവിട്ടു കൊച്ചിൻ നീലപ്പട തങ്ങളുടെ മൂന്നാം വിജയം ആഘോഷിച്ചിരുന്നു. പതിവുപോലെ ക്യാപ്റ്റൻ ഉഗ്രപാണ്ഡ്യന്റെ നേതൃത്വത്തിൽ മികച്ച ഒത്തിണക്കത്തോടെയാണ് സ്‌പൈക്കേഴ്‌സ് വിജയിച്ചത്.
ഡേവിഡ് ലീ 12, പ്രഭാകരൻ 12, മനു 11, സുരേഷ് 11 എന്നിവരായിരുന്നു സ്പൈക്കഴ്‌സിന്റെ മുഖ്യ സ്കോറർമാർ. അമേരിക്കൻ സൂപ്പർ താരം ഡേവിഡ് ലീ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
കളിച്ച രണ്ടുകളിയിലും ആവേശകരമായ വിജയം നേടി തന്നെയാണ് കാലിക്കറ്റ് ഹീറോസ് ചെമ്പടയുടെയും വരവ്. ഇന്നു രണ്ടു ടീമുകൾക്കും കാണികളുടെ ഭാഗത്തു നിന്ന് തുല്യ പിന്തുണ ഉണ്ടാകുമെന്നതിനാൽ മത്സരം തീപാറും.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴു മണിക്കാണ് മത്സരം.