ഉത്തർപ്രദേശിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ലഹളയായിരുന്നു മുസഫര്‍ നഗറില്‍ നടന്നത്. 2013 ല്‍ പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍ നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട്, കവാല്‍ ജില്ലയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട കേസില്‍, പ്രാദേശിക കോടതി ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാന്‍ഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് വിധി. ഗൗരവ്, സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തിയതിനും കലാപം നടത്തിയതിനുമാണ് ശിക്ഷ. ഈ സംഭവമാണ് 62 പേര്‍ കൊല്ലപ്പെടാനും, 50,000 പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടാനും, ഇടയായ ഭീകരമായ കലാപത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
എന്നാല്‍, സച്ചിനും ഗൗരവും ചേര്‍ന്ന് ലവ് ജിഹാദ് ആരോപിച്ച്, സര്‍ഫറാസ് എന്ന നിരപരാധിയായ മുസ്ലീം യുവാവിനെ, അവന്റെ വീട്ടിൽവച്ച് വെടിവച്ചു കൊന്ന ശേഷം രക്ഷപ്പെടുന്ന വഴി, രണ്ടുപേരെയും നാട്ടുകാര്‍ പിടികൂടുകയായിരുന്നു. അവിടെ നടന്ന ഏറ്റുമുട്ടലിലാണ് സച്ചിനും ഗൗരവും കൊല്ലപ്പെടുന്നത്. അതും കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞാണ്, കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മുസ്ലീങ്ങൾ ന്യൂനപക്ഷമായ ഗ്രാമങ്ങളില്‍ സംഘപരിവാര നേതാക്കളുടെ നേതൃത്വത്തില്‍ കലാപം അഴിച്ചുവിട്ടത്.
2013 ലെ കലാപവുമായി ബന്ധപ്പെട്ട് 6,000ലേറെ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. മുസ്ലീങ്ങൾക്കു വലിയ തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ട കലാപത്തില്‍ ഭൂരിഭാഗവും സംഘപരിവാര പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് 1,500 ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച എസ്.ഐ.ടി 175 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം, 2017 ല്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതോടെ കലാപം ആളിക്കത്തിച്ച സംഘപരിവാര പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. കലാപവുമായി ബന്ധപ്പെട്ട 38 കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ജില്ലാ ഭരണാധികാരിളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇന്ത്യന്‍ സമൂഹത്തിന്‍റെ ശാപമാണ് വര്‍ഗീയത’ മുസഫര്‍ നഗറിലെ കലാപത്തെ കുറിച്ച് എഴുത്തുകാരനും സാമൂഹികമാദ്ധ്യമപ്രവര്‍ത്തകനുമായ റാം പുനിയാനിയുടെ ഒരു എഴുത്തിലെ ആദ്യ ഭാഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. പിന്നിട്ട മൂന്നു ദശകങ്ങളില്‍, പ്രത്യേകിച്ചും 1893 മുതലാണ് വര്‍ഗീയത ഒരു പ്രധാന വിഷയമായി വരുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്. 1937 ആയപ്പോഴേക്കും അത് കൂടുതല്‍ ശക്തിപ്പെടുകയും വിഭജനാനന്തരം നടന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ കൂട്ടക്കുരുതിയോടെ അത് എല്ലാം അതിര്‍ത്തികളും ലംഘിക്കുകയും ചെയ്തു.
നീണ്ട കാലത്തെ നിശ്ശബ്ദതയ്ക്കു ശേഷം കലാപങ്ങള്‍ പിന്നെയും തുടര്‍ന്നു. 1961-ല്‍ ജബല്‍പൂര്‍ കലാപം, 1984-ല്‍ സിഖ് വിരുദ്ധ കലാപം. മീററ്റ്, ഭഗല്‍പൂര്‍, മുംബൈ, ഗുജറാത്ത് തുടങ്ങി കലാപങ്ങളുടെ നീണ്ട നിര തന്നെ നമ്മള്‍ കണ്ടു. മുസഫര്‍ നഗര്‍ കലാപത്തിന്‍റെ കാരണങ്ങളന്വേഷിച്ചാല്‍ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുകയെന്ന പദ്ധതിയുടെ തുടര്‍ച്ചയായി മനസ്സിലാക്കാം എന്നാണ് റാം പുനിയാനി എഴുതുന്നത്.
രാജ്യത്ത് ഇത്തരം കലാപങ്ങള്‍ നടന്നപ്പോഴൊക്കെ, അതില്‍, കൂടുതലായി നേട്ടമുണ്ടാക്കിയത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ സാമൂഹിക ഇടവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതയും വര്‍ദ്ധിക്കുന്നുവെന്നതാണ് ഇതിന്റെ പരിണതി. ഇതിന്‍റെ മികച്ച ഉദാഹരണമായി അദ്ദേഹം പറയുന്നത് ഗുജറാത്തിനെയാണ്. കലാപാനന്തരം ബി.ജെ.പി സംസ്ഥാനത്ത് വേരുകള്‍ ഉറപ്പിക്കുകയും ആര്‍.എസ്.എസ് സംസ്ഥാനത്തെ തെരുവുകള്‍ കൈയടക്കുകയും ചെയ്തു.
മുസഫര്‍ നഗറിലും സംഘപരിവാര്‍ സമാനമായ രീതിയില്‍ നേട്ടമുണ്ടാക്കി. ലൌ ജിഹാദ് ആരോപിച്ചു സര്‍ഫറാസ് എന്ന നിരപരാധിയായ മുസ്ലീം യുവാവിനെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കലാപം ആരംഭിക്കുന്നത്. സംഭവത്തിനുശേഷം കലാപം തടയാന്‍ സര്‍ക്കാറിനു ആവശ്യത്തിലധികം സമയമുണ്ടായിരുന്നു. അവരതു ചെയ്തില്ല. 144 പ്രഖ്യാപിച്ചിട്ടും മഹാപഞ്ചായത്തിനായി ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടി.
‘മകളെയും മരുമകളെയും രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാട്ടുകള്‍ കൂട്ടത്തോടെ ആയുധങ്ങളുമായി തെരുവിലിറങ്ങിയത്. വര്‍ഗീയ പ്രചാരണങ്ങള്‍ അരങ്ങുതകര്‍ത്തതോടെ കലാപം ഗ്രാമങ്ങളിലേക്ക് കടന്നു. സംഘപരിവാറിന് ജാട്ടുകള്‍ക്കിടയില്‍ കൂടുതല്‍ അടിത്തറയില്ലെങ്കിലും സന്ദര്‍ഭം ഉപയോഗപ്പെടുത്തി വിഭാഗീയ രാഷ്ട്രീയത്തെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. ജാട്ടുകള്‍ അവരുടെ ജാതിപരമായ സ്വത്വത്തില്‍ നിന്ന് ഹിന്ദുവെന്ന സ്വത്വത്തിലേക്ക് സഞ്ചരിക്കുകയാണുണ്ടായത്.
മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരും കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്ന പോലീസ് സംവിധാനങ്ങള്‍ വളരെ ക്രൂരമായി അവരോട് പെരുമാറുകയും ന്യൂനപക്ഷങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. കുറേപ്പേർ നാടുപേക്ഷിച്ചു പോയി. ജാട്ടുകളും മുസ്‌ലിംകളും വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കലാപം ആരംഭിക്കുന്നതിന് മുന്‍പ് ചില പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കലാപത്തോടു കൂടി അതു കൂടുതല്‍ സങ്കീര്‍ണ്ണമായി.
കലാപക്കേസില്‍ യു.പി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന കരിമ്പു വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, ബി.ജെ.പി എം.എല്‍.എ സംഗീത് സോം, മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമേഷ് മാലിക് എന്നിവര്‍ക്കെതിരെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്ത അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ കേസുകള്‍ പിന്നീട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ പിന്‍വലിച്ചു.
മുസഫര്‍ നഗര്‍ കലാപ വേളയില്‍, 2013 ഓഗസ്റ്റില്‍ മഹാപഞ്ചായത്തില്‍ കുറ്റാരോപിതരായ ഇവര്‍ നാലുപേരും പങ്കെടുത്തിരുന്നതായും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. നിരോധനാജ്ഞ നിലനില്‍ക്കെ, ഇതു മറികടന്നാണ് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്.
ആഗസ്‌ത് 27-നാണ് സംഘര്‍ഷത്തിന്റെ ആദ്യ തീപ്പൊരി ചിതറിയത്. യുവതിയെ ശല്യം ചെയ്‌തുവെന്നാരോപിച്ച് മുസ്ലീം യുവാവിനെ, ജാട്ട് സമുദായക്കാരായ രണ്ടു യുവാക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തിയതായിരുന്നു തുടക്കം. ഇതേക്കുറിച്ചു ചോദിക്കാന്‍ ചെന്നവരേയും അക്രമി സംഘം കൊലപ്പെടുത്തിയതോടെ സാമുദായിക സംഘര്‍ഷത്തിന്റെ രൂപത്തിലേക്ക് കാര്യങ്ങള്‍ മാറി. തീര്‍ത്തും പ്രാദേശികമായ വിഷയം രണ്ടു ജില്ലകളിലേക്ക് വ്യാപിച്ച കലാപമായി പരിണമിച്ചത് അതിവേഗമായിരുന്നു.
അതിനെ കലാപമാക്കി മാറ്റാന്‍ തക്ക രൂപത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ബി ജെ പി- സംഘപരിവാർ ശക്തികള്‍ നേരത്തെതന്നെ ഒരുക്കിയിരുന്നുവെന്നര്‍ത്ഥം.
സപ്‌തംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിലാണ് സംഘര്‍ഷം അതിന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ കലാപകാരികള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നൊടുക്കിയും, വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തീവെച്ചും, കൊള്ളയടിച്ചും തെരുവില്‍ അഴിഞ്ഞാടി.
അതുവരെ വിരലില്‍ എണ്ണാവുന്ന അക്കത്തില്‍ ഒതുങ്ങിനിന്നിരുന്ന മരണസംഖ്യ ഒറ്റ ദിവസം കൊണ്ട് 26-ലെത്തി. അടുത്ത ദിവസം 31 ആയും തൊട്ടടുത്ത ദിവസം 40-ലേക്കും അത് ഉയര്‍ന്നുകൊണ്ടിരുന്നു. മുസഫര്‍നഗറില്‍ നിന്ന് സമീപ ജില്ലകളിലേക്കും കലാപം വ്യാപിച്ചു. ഷംലി ജില്ലയിലാണ് മുസഫര്‍നഗറിനു പുറത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതും അഭയാര്‍ത്ഥി പ്രവാഹമുണ്ടായതും.
ബി ജെ പിയും സംഘപരിവാര്‍ ശക്തികളും നടത്തിയ ഗൂഢാലോചനയാണ് കലാപത്തിനു പിന്നിലെന്ന് ബി ജെ പി എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകളും കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടുകളും വ്യക്തമാക്കുന്നുണ്ട്. രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന് ബി ജെ പി നേരത്തേതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ഇതിന്റെ ആദ്യ പരീക്ഷണമാണ് ബാബരി മസ്‌ജിദ് തകര്‍ത്തത്. മുസഫര്‍നഗറിലും അതുതന്നെയാണ് സംഘപരിവാര്‍ പരീക്ഷിച്ചത്.
മുസഫര്‍ നഗര്‍ മാത്രമല്ല, ഓരോ കലാപങ്ങളും ബാക്കിവെയ്ക്കുന്നത് ദുരന്തക്കാഴ്‌ചകള്‍ മാത്രമാണ്. ഗുജറാത്ത് കലാപ കാലത്ത്, കലാപത്തിന്റെ ഭീകരതയും വേട്ടയാടപ്പെടുന്നവന്റെ വേദനയുമെല്ലാം, പുറംലോകത്തെ ബോധ്യപ്പെടുത്താന്‍ ജീവനു വേണ്ടി യാചിക്കുന്ന ഖുതുബുദ്ദീന്‍ അന്‍സാരിയുടെ ഒറ്റച്ചിത്രം മതിയായിരുന്നു. സംഘടനാ വളര്‍ച്ചയ്ക്കും, രാഷ്ട്രീയ നേട്ടത്തിനും വേണ്ടി കലാപത്തിന്‍റെ തീക്കാറ്റു വിതയ്ക്കുന്നവര്‍ പക്ഷേ എല്ലാം നഷ്ടപ്പെട്ടവന്റെ ഇത്തരം കണ്ണീരു കാണാറില്ല.