കൊല്‍ക്കത്ത:
മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ മോദിയുടെ റാലിയ്ക്കായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്.
മോദി ജനക്കൂട്ടത്തെ സംബോധന ചെയ്യുന്ന ചിത്രം 2014 മെയ് 15 ലേതാണ്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ ഇത് ലഭ്യമാണ്. മറ്റൊരു ചിത്രം 2013 നവംബറില്‍ കര്‍ണ്ണാടകയില്‍ നടന്ന റാലിയില്‍ നിന്നുളളതാണ്. മറ്റൊരു ചിത്രം 2014 ല്‍ ഗുജറാത്തിലെ റാലിയില്‍ നിന്നുളളതും.
നരേന്ദ്രമോദി ഫോര്‍ പിഎം എന്ന ഫേസ്‌ബുക്ക് പേജില്‍ വന്ന പോസ്റ്റിലെ വിശദീകരണം ഇങ്ങനെ ‘ആളുകള്‍ ഇല്ലാത്തതിനാല്‍ റാലികള്‍ ഉപേക്ഷിക്കുന്നത് സാധാരണ സംഭവമാണ്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബംഗാളില്‍ വലിയ ജനക്കൂട്ടം കാരണം പ്രസംഗം ചുരുക്കേണ്ടി വന്നു.’