കോഴിക്കോട്:
എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാക്കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന് ശ്രീകുമാർ മേനോൻ നല്കിയ ഹരജിയും കേസിൽ മദ്ധ്യസ്ഥൻ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെയുള്ള എം.ടിയുടെ ഹർജിയുമാണ് വ്യാഴാഴ്ച കോടതിയിൽ പരിഗണനയ്ക്കു വന്നത്.
കേസ് മധ്യസ്ഥതയ്ക്ക് (ആർബിട്രേറ്റർ) വിടേണ്ടെന്ന കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതിയുടെ നവംബർ 17 ലെ ഉത്തരവ് നാലാം അഡീഷനൽ ജില്ലാക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും, ചിത്രീകരണം തുടങ്ങാത്തതിനാലാണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെതിരെ എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ആർബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ കെ.ബി. ശിവരാമകൃഷ്ണൻ വാദിച്ചു.
സിനിമയ്ക്കായി എം.ടി നല്കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകൻ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 11 നാണ് എം.ടി. കേസ് നല്കിയത്. കേസിൽ സംവിധായകൻ, എർത്ത് ആൻഡ് എയർഫിലിം നിർമ്മാണ കമ്പനി എന്നിവരാണ് എതിർകക്ഷികൾ. 2014-ലാണ് സിനിമയ്ക്കായി മൂന്നുവർഷത്തേയ്ക്ക് കരാർ ഒപ്പിട്ടത്. നാലുവർഷം കഴിഞ്ഞിട്ടും പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങിയിരുന്നില്ല.