Fri. Nov 22nd, 2024
തിരുവനന്തപുരം:

സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്കായി തുക നീക്കി വെച്ചത്. ഇക്കാര്യം അറിയിച്ച് ധനമന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റില്‍ മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയുടെ തുടക്കം ഒരു വഴിത്തിരിവായിരുന്നു എന്നാണ് തോമസ് ഐസക് തന്‍റെ ട്വീറ്റില്‍ പറയുന്നത്. സിനിമയിലെ പുരുഷ കേന്ദ്രീകൃത പ്രവണതകള്‍ക്കെതിരെ സിനിമയിലെ തന്നെ വനിത പ്രവര്‍ത്തകര്‍ എതിര്‍പ്പറിയിച്ചു തുടങ്ങിയിരിക്കുകയാണെന്നും അതിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വി യോടു പറഞ്ഞു. മൂന്നു കോടി രൂപ വലിയ തുക അല്ലെന്നും വരും വര്‍ഷങ്ങളില്‍ അതു വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ത്തന്നെ ആദ്യമായി, ചലച്ചിത്ര രംഗത്തുള്ള വനിതകള്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിക്കുന്നത് മലയാള സിനിമയിലാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ വനിതാക്കൂട്ടായ്മ രൂപീകൃതമായത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ചലച്ചിത്രതാരങ്ങളുടെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അപലപിച്ച്‌ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് നേരത്തെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് കാസ്റ്റിങ് കൗച്ചിനെപ്പറ്റിയും കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയെപ്പറ്റിയുമൊക്കെ നടിമാര്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തി.

വിമണ്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സമര്‍പ്പിച്ച നിവേദനത്തില്‍ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മാതൃകാപരമായ നടപടി ആവശ്യപ്പെടുന്നതു കൂടാതെ സിനിമ മേഖലയെ തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം- 2013 ന്റെ പരിധിയില്‍ കൊണ്ടുവരാനും തൊഴിലിടങ്ങളില്‍ ഉള്ളതു പോലെ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കാനും ആവശ്യം ഉന്നയിച്ചിരുന്നു.

കൂടാതെ സിനിമ മേഖലയിലെ ലിംഗപരമായ പ്രശ്‌നങ്ങളെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താനും സ്ത്രീ പങ്കാളിത്തം നാമമാത്രമായ സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാനിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഏതെങ്കിലും (ചിത്രാഞ്ജലി പോലെയുള്ള) ഒരു തുടക്കമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു.

സിനിമയിലെ സ്ത്രീകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വനിതാക്കൂട്ടായ്മ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *