തിരുവനന്തപുരം:
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ജയിംസ് മാത്യു എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ മന്ത്രിക്കു എഴുതിയത് എന്ന പേരില്‍ പി കെ ഫിറോസ് ഒരു കത്ത് പുറത്തു വിട്ടിരുന്നു. ഈ കത്തില്‍ പി കെ ഫിറോസ് കൃത്രിമം കാട്ടി എന്നാണ് ആരോപണം.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധു സി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരെ ജയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് അയച്ചതെന്ന് അവകാശപ്പെട്ടാണ് ഫിറോസ് കത്ത് പുറത്തുവിട്ടത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി 9 പേജുള്ള കത്തായിരുന്നു അത്. ആ കത്തില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസു നല്‍കുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി.
എന്നാല്‍ താന്‍ കത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് പി കെ ഫിറോസ് തിരിച്ചടിച്ചു. ധൈര്യമുണ്ടെങ്കില്‍ തദ്ദേശവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്ത് പൂര്‍ണമായി ജയിംസ് മാത്യു പുറത്തുവിടണം. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണിപ്പോള്‍ ജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.