കോഴിക്കോട് :
കോര്‍പ്പറേഷന്‍ കുടുംബശ്രീയ്ക്കു കീഴിലുള്ള നിര്‍മ്മാണ യൂണിറ്റായ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി. ബേപ്പൂര്‍ തമ്പി റോഡില്‍ ഇടക്കിട്ട കോവിലകംപറമ്പില്‍ ശോഭനയുടെ വീടാണ് 53 ദിവസങ്ങള്‍ കൊണ്ടു പണി തീര്‍ത്തത്. 10 വനിതാ തൊഴിലാളികൾ ചേർന്നാണ് പണി പൂര്‍ത്തിയാക്കിയത്.
സ്ത്രീകള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്‍കി സുസ്ഥിരമായ നിര്‍മ്മാണ സംരംഭങ്ങള്‍ സ്ഥാപിക്കുന്ന കുടുംബശ്രീയുടെ പുത്തന്‍ ചുവടുവെപ്പാണ് പിങ്ക് ലാഡര്‍. ജനുവരി ആദ്യവാരത്തില്‍ കരുവിശ്ശേരിയിലെ അഗതിയായ നന്ദിനിയുടെ വീടു നിര്‍മ്മാണം നിര്‍വ്വഹിച്ചു കൊണ്ടാണ് കോഴിക്കോട് ഇതിനു തുടക്കം കുറിച്ചത്. കോഴിക്കോടിന് പുറമേ കൊല്ലം, തിരുവല്ല, എറണാകുളം എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ സജീവമാണ്.
4.25 ലക്ഷം രൂപയാണ് വീടു നിര്‍മ്മാണത്തിനായി ഇവര്‍ ചിലവഴിച്ചത്. 15 പേരടങ്ങുന്ന രണ്ട് യൂണിറ്റുകള്‍ തറ നിര്‍മ്മാണം മുതല്‍ ഫിനിഷിങ്ങ് ജോലികള്‍ വരെ ചെയ്യും. നിര്‍മ്മാണ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം ജില്ലാ കുടുംബശ്രീ മിഷനും സാങ്കേതിക സഹായം ഏക് സാത്തും നല്‍കും. 10 ലക്ഷം രൂപയുടെ പണി പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പദവിയും പിങ്ക് ലാഡറിന് ലഭിക്കും.
ബേപ്പൂരില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അനിതാ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ലളിത പ്രഭ, കൗണ്‍സിലര്‍മാരായ പേരോത്ത് പ്രകാശന്‍, ബീരാന്‍ കോയ, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഒ.രജിത, ഏക് സാത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജിയോടാഗ് നടത്തിയ ഓവര്‍സിയര്‍ക്കുള്ള ഉപഹാരം ഹബീബ് റഹ്മാന് ജില്ലാ അസി.മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ഗിരീഷ് കുമാര്‍ നല്‍കി. കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ എം.വി. റംസി ഇസ്മായില്‍ സ്വാഗതവും, സി.ഡി.എസ് സൗത്ത് ചെയര്‍പേഴ്‌സണ്‍ എന്‍.ജയഷീല നന്ദിയും പറഞ്ഞു.