ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം.
ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച ഇന്ത്യൻ നിര മികച്ച ഒത്തിണക്കത്തോടെയാണ് കളിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറി നേടിയ ഗ്രാന്റ്ഹോമാണ് കീവീസ് ബാറ്റിംഗിൽ തിളങ്ങിയത്. ഇന്ത്യൻ ബൗളിങ്ങിൽ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റു മാത്രം നഷ്ടത്തിൽ 18 .5 ഓവറിൽ ലക്‌ഷ്യം കണ്ടു.
ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കാഴ്ചവെച്ചു രോഹിത് ശർമ്മ അർദ്ധസെഞ്ച്വറിയുമായി മുന്നിൽ നിന്നു നയിച്ചപ്പോൾ 28 പന്തിൽ നിന്നും പുറത്താകാതെ 40 റൺസെടുത്ത ഋഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു.
രോഹിത് ശർമ്മ ഈ മത്സരത്തിൽ 39 റൺസ് എടുത്തപ്പോൾ ട്വന്റി-20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം എന്ന റെക്കോർഡും സ്വന്തമാക്കി. നിർണ്ണായകമായ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യൻവിജയത്തോടെ പരമ്പര 1-1ന് സമനിലയിലായി. ഇനി ഞായറാഴ്ച നടക്കുന്ന മൂന്നാം ട്വന്റി-20 പരമ്പര വിജയികളെ തീരുമാനിക്കും.