Mon. Dec 23rd, 2024
തിരുവനന്തപുരം:

അച്ചടിക്കടലാസില്‍ ഭക്ഷണം പൊതിയരുതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം. സുരക്ഷ വിഭാഗം കച്ചവടക്കാര്‍ക്ക് വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ്ഗനിർദ്ദേശങ്ങളില്‍ ആണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. കച്ചവടക്കാര്‍ ലൈസന്‍സ് ഉളളവരായിരിക്കണം. കടയില്‍ അവ ഉപഭോക്താക്കള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കണം. രജിസ്‌ട്രേഷനില്ലാത്ത കച്ചവടക്കാര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയും ആറുമാസം തടവും ലഭിക്കും.

ഭക്ഷ്യസാധനങ്ങള്‍ പൊതിയാന്‍ അച്ചടിച്ച കടലാസുകള്‍ ഉപയോഗിക്കരുത്. മഷി പുരളാത്ത കടലാസിലോ, വാഴയിലയിലോ ഭക്ഷണം പൊതിയാം. തട്ടുകടകളിലും വഴിയോര കടകളിലും ഹോട്ടലുകളിലും മറ്റും വില്‍പ്പനയ്ക്കു വച്ച എണ്ണയില്‍ പൊരിച്ച ഭക്ഷ്യസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. കൃത്രിമനിറങ്ങള്‍ അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളില്‍ നിയമവിധേയമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. അജിനോമോട്ടോ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് കടകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.

ജ്യൂസ് വില്പനക്കാര്‍ സുരക്ഷിതമായ വെള്ളത്തില്‍ നിന്നുണ്ടാക്കിയ ഐസും കേടാകാത്ത പഴങ്ങളും ഉപയോഗിക്കണം. കാലാവധി കഴിഞ്ഞ പാല്‍ വില്‍ക്കാനോ ശീതളപാനിയങ്ങള്‍ ഉണ്ടാക്കാനോ ഉപയോഗിക്കരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് സ്ഥാപനങ്ങളില്‍ അടപ്പുളള വേസ്റ്റ്ബിന്‍ സ്ഥാപിക്കണം. ജീവനക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമയം പാന്‍മസാല, സിഗരറ്റ്, മുറുക്കാന്‍ മുതലായവ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്ള ഫുഡ് പായ്ക്ക്റ്റുകള്‍ മാത്രം ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്പന നടത്തുകയും വേണമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *