മലപ്പുറം:
ഭവനരഹിതരായ മത്സ്യത്തൊഴിലാളികേള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങുകയാണ് മലപ്പുറം, പൊന്നാനി ഫിഷറീസ് വകുപ്പ്. കടലേറ്റഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 150 വീടുകള്‍ അടങ്ങിയ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നു. ഇതിന്റെ തറക്കല്ലിടല്‍ 20-ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
ഫിഷിങ് ഹാര്‍ബറിലെ രണ്ടേക്കര്‍ സ്ഥലത്താണ് ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റ് പണിയുക. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും അടക്കം 530 ചതുരശ്ര അടിയിലുള്ളതാകും വീടുകള്‍. തറയോട് പാകിയ പൊതുസ്ഥലം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിങ് എന്നിവയും ഒരുക്കും. ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളില്‍ കമ്മ്യൂണിറ്റി ഹാള്‍, അങ്കണവാടി, തൊഴില്‍പരിശീലന കേന്ദ്രം, തീര മാവേലി സ്റ്റോര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും.
മീന്‍പിടിത്ത തുറമുഖത്തെ വിശാലമായ എട്ട് ഏക്കര്‍ സ്ഥലത്തുനിന്ന് രണ്ട് ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി 150- ഓളം വീടുകള്‍ അടങ്ങുന്ന ഫ്‌ളാറ്റ് സമുച്ചയമാണ് നിര്‍മിക്കുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറ മോഡലില്‍ സൗകര്യപ്രദമായ ഭവനങ്ങള്‍ സംസ്ഥാനമൊട്ടാകെ നിര്‍മ്മിക്കാന്‍ 77 കോടിയുടെ ഭരണാനുമതി ഫിഷറീസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൊന്നാനിയിലും ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്.