കോഴിക്കോട്:
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ നടന്ന ജനമഹാ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സിറ്റിങ് എം.പിയായ എം.കെ രാഘവനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
2009-ലാണ് എം.കെ രാഘവന്‍ ആദ്യമായി കോഴിക്കോട് സീറ്റില്‍ മത്സരിച്ചത്. 838 വോട്ടുകള്‍ക്ക് കന്നിയങ്കത്തില്‍ മുഹമ്മദ് റിയാസിനെ രാഘവന്‍ പരാജയപ്പെടുത്തുകയായിരുന്നു. 2014-ല്‍ രണ്ടാം ഊഴത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവനായിരുന്നു എം.കെ രാഘവന്റെ എതിരാളി. 16883 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടം എം.കെ.രാഘവന്‍ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. 2019-ലെ മൂന്നാം ഊഴത്തില്‍ രാഘവനെ നേരിടാന്‍ വീണ്ടും മുഹമ്മദ് റിയാസിനെ തന്നെ സി.പി.എം ഇറക്കിയേക്കും എന്നാണ് സൂചന. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ്‌കുമാറിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.