പത്തനംതിട്ട:
പത്തനംതിട്ടയിൽ ഫെബ്രുവരി പതിനാലിനു സംഘടിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനും സമരം വീണ്ടും സജീവമാക്കി ലോക്സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും ഒരുങ്ങുകയാണ് ബി.ജെ.പി. ഇതിന്‍റെ ആദ്യപടി എന്ന നിലക്ക് ശബരിമലയില്‍ മാസ പൂജക്കായി നടതുറക്കുന്ന ഫെബ്രുവരി പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് തീരുമാനം. തൊട്ടടുത്ത ദിവസം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായ് കടുത്ത ഹിന്ദുത്വവാദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ ആദിത്യനാഥ് കേരളത്തിൽ എത്തും.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ മുഖ്യ പ്രചരണായുധം ശബരിമലയാണ്. തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന യോഗിയിലൂടെ ഹിന്ദു വികാരം ആളിക്കത്തിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തങ്ങള്‍ക്ക് വളക്കൂറുളള മണ്ണൊരുക്കാനുളള തീവ്രശ്രമത്തിലാണ് സംഘപരിവാര്‍. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ഈ വികാരം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വരെ കത്തിച്ച് നിര്‍ത്തുക എന്നത് ബി.ജെ.പിയുടെ ആവശ്യവുമാണ്.
നാല് ലോക്‌സഭാ മണ്ഡലങ്ങളെ ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട ലോക്സഭ മണ്ഡലങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പ്രവര്‍ത്തകരെ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ അണിനിരത്താനാണ് നീക്കം. തുടര്‍ന്നുള്ള ക്ലസ്റ്റര്‍ സമ്മേളനങ്ങളില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
ബൂത്ത് തലത്തില്‍ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കമല്‍ ജ്യോതി സങ്കല്‍പ് അഭിയാന്‍ എന്ന കാമ്പയിനിങ്ങും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്നുണ്ട്. കൂടാതെ ബൂത്ത് തലത്തില്‍ പാര്‍ട്ടി ഭാരവാഹികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇടപെടാനും പദ്ധതിയുണ്ട്. രാജ്യത്തുടനീളം ലോക്സഭ മണ്ഡലങ്ങളില്‍ മെഗാ ബൈക്ക് റാലി സംഘടിപ്പിക്കലാണ് മറ്റൊരു തെരഞ്ഞെടുപ്പ് പരിപാടി.
ആരാണ് ‘യോഗി’ ആദിത്യനാഥ് ?
ഉത്തരേന്ത്യയുടെ സംഘ് പരിവാർ ജാതി രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആളാണ് യോഗി ആദിത്യനാഥ്. ഗോരഖ്പൂരില്‍ നിന്നുള്ള ദീര്‍ഘകാല പാര്‍ലമെന്‍റ് അംഗമായിരുന്ന ഇദ്ദേഹം ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ്. 1998ല്‍ വെറും 26 വയസ് പ്രായമുള്ളപ്പോഴാണ് യോഗി ആദിത്യനാഥ് പാര്‍ലമെന്റിലെത്തിയത്. 12ാം ലോക്സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു അദ്ദേഹം.
വികസന മുദ്രാവാക്യങ്ങളില്‍ പൊതിഞ്ഞ ഹിന്ദുത്വ അജണ്ടയുടെ മറ പൊളിച്ചു നീക്കി, ഹിന്ദുത്വ അജണ്ട തന്നെ പ്രധാന ആയുധമാക്കിയ യോഗി ആദിത്യനാഥ് ദേശീയ രാഷ്ട്രീയത്തില്‍ എക്കാലവും അറിയപ്പെട്ടത് തീവ്രസ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ പേരിലായിരുന്നു. കഴിഞ്ഞ തവണത്തെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്റ്റാര്‍ മൂല്യമുള്ള പ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്. എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്. തീവ്ര ഹിന്ദുത്വ നിലപാട് കൊണ്ടും വിദ്വേഷ പ്രസംഗങ്ങൾക്കൊണ്ടും യുപിയിലെ വലിയൊരു വിഭാഗത്തിന്റെ ആരാധനപാത്രമാകാൻ യോഗി ആദിത്യനാഥിന് സാധിച്ചു.
അപ്രതീക്ഷിതമായാണ് മുന്നോക്ക രജപുത് വിഭാഗക്കാനായ ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആകുന്നത്. കേന്ദ്രമന്ത്രി മനോജ് സിൻഹ മുഖ്യമന്ത്രിയാകും എന്ന സൂചനകൾ ആണ് ആദ്യം ഉണ്ടായിരുന്നത്. ഇലക്ഷന് മുമ്പുവരെ ബി.ജെ.പി നേതൃത്വം ആദിത്യനാഥിനോട് ഒരകലം പാലിച്ചിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളെ ജനങ്ങൾ സ്വീകരിക്കുമോ എന്ന ഭീതി തന്നെയായിരുന്നു കാരണം. എന്നാൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ അങ്ങനൊരു ഒളിച്ചുകളിയുടെ ആവശ്യമില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു.
2002 ല്‍ ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയാണ് ഹിന്ദുത്വ യുവ വാഹിനി. നിരവധി കലാപങ്ങളിലും പശു സംരക്ഷണം മറയാക്കി നടത്തിയ ആക്രമണങ്ങളിലും ലൗവ് ജിഹാദിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളിലും മുന്‍നിരയിലുണ്ടായിരുന്ന സംഘമാണ് ഹിന്ദുത്വ യുവവാഹിനി.
2005 ൽ ഏട്ടയിലെ 1800 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് മതംമാറ്റിയെന്ന ആരോപണം യോഗിക്കെതിരെ ഉയർന്നിരുന്നു. 2007ൽ മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമണത്തിൽ രാജ്കുമാർ അഗ്രഹാരി കൊല്ലപ്പെട്ടതുമായുണ്ടായ വർഗീയ സംഘർഷങ്ങളിലും യോഗി ആദിത്യനാഥിന്റെ സാന്നിധ്യം ഉണ്ടായതായി ആരോപിക്കുന്നു. തുടർന്ന സൂര്യനമസ്‌കാരത്തെ അംഗീകരിക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശവും നടത്തി.
പിന്നീട് ഷാറൂഖ് ഖാനെ പാക് തീവ്രവാദി ഹാഫീസ് സെയ്ദുമായി താരതമ്യപ്പെടുത്തി വിവാദനേതാവായി. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ ശക്തമായ അനുകൂലിക്കുന്ന വക്താവ് കൂടിയാണ് യോഗി ആദിത്യനാഥ്.
നേരത്തെയും കേരളത്തില്‍
ആദ്യമായിട്ടല്ല ആദിത്യനാഥ് കേരളത്തില്‍ വരുന്നത്. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ മുന്‍പും ഒരിക്കല്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. അന്ന് പക്ഷെ കണ്ണൂരില്‍ ആയിരുന്നു വേദി. കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും ആശുപത്രികള്‍ എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് കേരളം ഉത്തര്‍പ്രദേശിനെ കണ്ട് പഠിക്കണമെന്നുമാണ് അന്നത്തെ യോഗിയുടെ പ്രസംഗം. കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന കാര്യം സുപ്രീം കോടതിയും ഹൈക്കോടതിയും സമ്മതിച്ചതാണെന്നും എന്‍.ഐ.എ അന്വേഷണം നടക്കുന്നുണ്ടെന്നുമായിരുന്നു യോഗിയുടെ വാദം. എന്നാല്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട ഇത്തരം വാദങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് കണ്ട് എന്‍.ഐ.എ അന്വേഷണം അവസാനിപ്പിക്കുകയാണ് പിന്നീടുണ്ടായത്.
“ആശുപത്രികളുടെ പ്രവര്‍ത്തനരീതികളെ കുറിച്ച് കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം. കഴിഞ്ഞ ഒരുവര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്നൂറോളം പേരാണ് മരിച്ചത്. വലിയ സംസ്ഥാനമായ യുപിയില്‍ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം കേരളത്തേക്കാള്‍ കുറവാണ്. ചിക്കന്‍ഗുനിയ മൂലം കേരളത്തില്‍ ധാരാളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ആരും മരിച്ചിട്ടില്ല” എന്നാണ് അദ്ദേഹം പിന്നീട് ദേശീയ ചാനലായ ടൈംസ് നൗവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്.
കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനരീതികള്‍ പഠിക്കാന്‍ യോഗിയെ ക്ഷണിച്ച് സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറിലേറെ പിഞ്ചുകുട്ടികള്‍ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം യോഗിയെ ആശുപത്രികളിലേക്ക് പരിഹാസരൂപേണ ക്ഷണിച്ചത്.
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുകയാണെന്നുമായിരുന്നു പിന്നീട് പറഞ്ഞത്. എന്നാല്‍ യോഗി ആദിത്യനാഥ് നടത്തിയ ഇത്തരം പ്രസ്താവനകള്‍ ഒന്നും തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല എന്നാണ് പിന്നീട് കണ്ടത്.
ബംഗാളില്‍ മമതയോട് തോറ്റ് കേരളത്തിലേക്ക്
ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന്‍റെ ഇരുമ്പ് മറകള്‍ മറികടക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നേരത്തെ മാള്‍ഡയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്താനിരുന്ന യോഗിയുടെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. യോഗിയുടെ വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ഒരുങ്ങുകയാണ് യോഗി എന്നാണ് അവസാനം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പുരുലിയയിലാണ് ബി.ജെ.പി റാലി. ഇതില്‍ പങ്കെടുക്കാന്‍ യോഗി എത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ജാര്‍ഖണ്ഡ് മാര്‍ഗമാണ് യോഗി ബംഗാളിലേക്ക് എത്തുക.
ചൊവ്വാഴ്ച ആദിത്യനാഥ് ലഖ്‌നൗവില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലാകും ഈ യാത്ര. അവിടെ നിന്ന് റോഡ്മാര്‍ഗം ബംഗാളിലെ പുരുലിയയിലെത്തും. പുരുലിയ ജില്ലയിലെ നബകുഞ്ച മൈതാനത്താണ് ബി.ജെ.പി സമ്മേളനം. ഉച്ചയ്ക്ക് ഒരുമണിക്ക് അദ്ദേഹം സമ്മേളനത്തില്‍ സംസാരിക്കും. നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനും മമതാ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലക്ഷ്യം ശബരിമല യുവതി പ്രവേശനം വോട്ടാക്കി മാറ്റല്‍
ആദിത്യനാഥിന്‍റെ പരിപാടി പത്തനംതിട്ടയില്‍ തന്നെ സംഘടിപ്പിക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിൽ, പ്രത്യേകിച്ച് മുസ്ലീം-ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുടെ ഫാക്ടറിയെന്ന നിലയിലാണ് യോഗി ആദിത്യനാഥ് അറിയപ്പെടുന്നത്. ബി.ജെ.പി നേതൃത്വം ഉയർത്തിവിട്ട വർഗ്ഗീയതയ്ക്കും ന്യൂനപക്ഷ വിരുദ്ധതയ്ക്കും ആദിത്യനാഥിന്റെ വക സംഭവന കൃത്യമായി ഉണ്ടായിരുന്നു. അങ്ങനെയൊരാളെ കേരളത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാരഥ്യമേൽപ്പിക്കുമ്പോൾ ബി.ജെ.പി ചിലത് പ്രതീക്ഷിക്കുന്നുണ്ട്, പറയാൻ ശ്രമിക്കുന്നുണ്ട്. ആ രാഷ്ട്രീയം കേരളത്തിലെ മതേതരത്വത്തിന് എത്രത്തോളം പരിക്കുകൾ ഏൽപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണ് സംശയം.