മലപ്പുറം:
ലോകസഭ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന തുടങ്ങി.
ലോകസഭ തിരഞ്ഞെടുപ്പിന് ജില്ലയിലേക്ക് കൂടുതലായി അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി.വി. പാറ്റ് മെഷീന്‍ എന്നിവയുടെ പ്രാഥമിക പരിശോധന തുടങ്ങി. 510 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 285 വിവിപാറ്റ് മെഷീനുകളുമാണ് പരിശോധിച്ചത്.
യന്ത്രങ്ങള്‍ ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് സായുധ പോലീസ് സുരക്ഷയിലും എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അകമ്പടിയോടെയുമാണ് ജില്ലയില്‍ എത്തിച്ചത്. പരിശോധന പൂര്‍ത്തിയായ മെഷീനുകള്‍ 24 മണിക്കൂറും സായുധ പോലീസ് സുരക്ഷയിലുള്ള സ്ട്രോങ് റൂമുകളിലേക്കു മാറ്റും.
ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നു മേല്‍നോട്ട ചുമതലയുള്ള തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ എ.കെ.രമേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണു പരിശോധന.